മനില: ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രതികളായ രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഒന്നാം പ്രതിയെ വെടിവയ്പ്പ് നടന്ന ഉടൻ പോലീസ് പിടികൂടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വെടിവയ്പ്പിനു പിന്നിലെ കൃത്യമായ കാരണവും മറ്റാരെങ്കിലും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
