പരസ്യ ചിത്രങ്ങളിൽ മോഡലായി കരിയർ ആരംഭിച്ച്, അറിയപ്പെടുന്ന നായികയായി വളർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടന്നാണ് മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഐശ്വര്യ ലക്ഷ്മി എത്തിയത്. മായാനദി, വരത്തൻ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് നടിയുടെ കരിയറിൽ ബ്രേക്ക് ത്രൂവായത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ കൊച്ചുകുടുംബത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചെറുപ്രായത്തിൽ തന്നെ പണം സമ്പാദിച്ച് അച്ഛനും അമ്മയ്ക്കും വേണ്ടതു ചെയ്തു കൊടുക്കുമ്പോഴുള്ള സന്തോഷത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസുതുറന്നത്.
എന്റെ മാതാപിതാക്കൾ എന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങാറില്ല. കാരണം അവർ രണ്ടുപേരും ഗവ. ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ റിട്ടയറായി വിശ്രമ ജീവിതം നയിക്കുകയാണ്. ആത്മാഭിമാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് രണ്ടുപേരും. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ പച്ചക്കറി, പഴങ്ങൾ മുതലായവ വാങ്ങി കൊണ്ടുപോകും. അതൊക്കെ അവർ സ്വീകരിക്കും.
അതല്ലാതെ മറ്റൊന്നിനും അവർ എന്നെ ആശ്രയിക്കുകയോ ഞാൻ പണം കൊടുത്താൽ സ്വീകരിക്കുകയോ ചെയ്യില്ല. രണ്ടുപേരും സ്വയം പര്യാപ്തരാണ്. ഈ പ്രായത്തിലും തങ്ങൾക്ക് എന്ത് വേണമെങ്കിലും തങ്ങളുടെ കൈയിലുള്ള പണം കൊണ്ട് വാങ്ങണം. അതാണ് രണ്ടുപേർക്കും ഇഷ്ടം. ഞാൻ പലവട്ടം രണ്ടുപേരെയും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ നിർബന്ധിച്ചുവെങ്കിലും നടന്നില്ല. ഇഷ്ടപ്പെട്ട സാരികൾ കാണുമ്പോൾ ഞാൻ വാങ്ങിത്തന്നോട്ടെയെന്ന് അമ്മയോട് ചോദിക്കും.
ചിലപ്പോഴൊക്കെ എന്റെ നിർബന്ധം മൂലം ഞാൻ വാങ്ങിക്കൊടുത്തത് അമ്മ സ്വീകരിച്ചിട്ടുമുണ്ട്. അതിനുപോലും ഒരുപാട് നിർബന്ധിക്കേണ്ടി വന്നു. കാരണം അത്തരം കാര്യങ്ങൾ താൽപര്യമുള്ളവരല്ല ഇരുവരും. ഞങ്ങളെ ഫ്രീയായി വിടുന്നതാണ് രണ്ടുപേർക്കും ഇഷ്ടം. ഇക്കാര്യം ഞാൻ വൈകിയാണ് മനസിലാക്കിയത്. അവർ രണ്ടുപേരും ഹാപ്പിയായി ഇരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വൈകിയാണ് തിരിച്ചറിഞ്ഞത്.
ഞാൻ ഹാപ്പിയായി ഇരിക്കുന്നത് കാണുന്നതാണ് എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷം. ഞാൻ സുരക്ഷിതയായിരിക്കണം, ആരോഗ്യത്തോടെ ഇരിക്കണം. മെന്റൽ പ്രഷർ ഞാൻ അനുഭവിക്കരുത് ഇതൊക്കെയാണ് അവരുടെ സന്തോഷം. ഇതൊക്കെ മനസിലാക്കിയശേഷം ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷവും സമാധാനവും അനുഭവിച്ച് തുടങ്ങി.
എന്റെ അമ്മ ഒരു അയൺ ലേഡിയാണ്. ചെറിയ പ്രായം മുതൽ സ്വയം പര്യാപ്തയാകാൻ അമ്മ എന്നെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. അത് ഇപ്പോഴും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. അത്തരത്തിൽ വളർന്നത് തീരുമാനങ്ങൾ എടുക്കുമ്പോൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. എനിക്കുവേണ്ടതു ചെയ്യാൻ എനിക്ക് ഞാൻ മതി. മറ്റൊരാളുടെ സഹായം ആവശ്യമില്ല. അതെന്റെ അമ്മ എന്നെ പഠിപ്പിച്ചതാണ്- ഐശ്വര്യലക്ഷ്മി പറയുന്നു.
