ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. രണ്ട് പേർ നിലവിൽ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
കോച്ചിംഗ് സെന്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് മറ്റുള്ളവരുടെ പങ്ക് പോലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
