കൊല്ലം: കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പ്രതിഷേധം തണുപ്പിക്കാനുമായി ഔദ്യോഗിക നീക്കങ്ങളുമായി സർക്കാർ രംഗത്ത്. കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ നീണ്ടകരയിലെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി. ഗൗതമിനെ കാണാതായി പത്താം ദിവസമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. കുടുംബത്തിന്റെ ആശങ്കകളും പരാതികളും അവർ മുഖ്യമന്ത്രിയുമായി പങ്കുവച്ചു. അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിലും ഉന്നത മന്ത്രിമാർ സന്ദർശനം നടത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറുമാണ് ഈ വീടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
