ന്യൂഡൽഹി: കേന്ദ്ര ഗവൺമെനന്റിന്റെ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക ആധാർ മൊബൈൽ ആപ്ലിക്കേഷന് രാജ്യത്ത് വൻ സ്വീകാര്യത.ആപ്പ് പുറത്തിറക്കി വെറും അഞ്ച് മാസത്തിനുള്ളിൽ 3.1 കോടിയിലധികം ഉപയോക്താക്കളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്.
സ്മാർട്ട്ഫോൺ വഴി തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുരക്ഷിതമായും തത്സമയവും ലഭ്യമാകുന്നു എന്നതാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ ആപ്പിനെ സഹായിച്ചത്.പുതിയ സംവിധാനം നിലവിൽ വന്നതോടെ ചെറിയ മാറ്റങ്ങൾക്കായി ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ പരിഹാരമായിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, നാല് ദശലക്ഷത്തോളം (40 ലക്ഷം) ഉപയോക്താക്കൾ തങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഇതിനകം തന്നെ ഈ ആപ്പ് വഴി പുതുക്കിക്കഴിഞ്ഞു. കൂടാതെ, 8.5 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ താമസസ്ഥലത്തെ വിലാസം മാറ്റുന്നതിനായി ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം വിജയകരമായി ഉപയോഗപ്പെടുത്തി. അപ്പോയിന്റ്മെന്റുകൾ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളതിനാൽ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടവർക്ക് തിരക്കൊഴിവാക്കാനും സാധിക്കും.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഉയർന്ന മുൻഗണന നൽകിയാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഒരൊറ്റ ടാപ്പിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ആവശ്യമെങ്കിൽ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും.
വ്യക്തിത്വം കൂടുതൽ സുരക്ഷിതമായി തെളിയിക്കുന്നതിനായി ആപ്പിൽ മുഖം തിരിച്ചറിയുന്നതിനുള്ള അത്യാധുനിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷിതമായി മറ്റുള്ളവർക്ക് പങ്കുവയ്ക്കാൻ സാധിക്കുന്ന ക്യുആർ കോഡ് അധിഷ്ഠിത ഡിജിറ്റൽ കോൺടാക്റ്റ് കാർഡും എപ്പോൾ വേണമെങ്കിലും ഇ-ആധാർ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ഹോട്ടൽ ചെക്ക്-ഇന്നുകൾ, ആശുപത്രി അഡ്മിഷനുകൾ, വിസിറ്റർ മാനേജ്മെന്റ് സിസ്റ്റങ്ങൾ, വിവിധ പൊതുപരിപാടികളിലെ പ്രവേശനം എന്നിവയ്ക്ക് ഈ മൊബൈൽ ആപ്പ് ഇപ്പോൾ പ്രായോഗികമായി ഉപയോഗിക്കുന്നുണ്ട്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഓഫ്ലൈൻ വെരിഫിക്കേഷൻ വഴി ഗിഗ് വർക്കർമാരുടെയും മറ്റ് താൽക്കാലിക ജീവനക്കാരുടെയും വിവരങ്ങൾ പെട്ടെന്ന് പരിശോധിക്കാൻ തൊഴിൽദാതാക്കൾക്കും ഇതിലൂടെ സാധിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഈ ആപ്ലിക്കേഷൻ, ഡിജിറ്റൽ പൊതുസേവനങ്ങൾ സുഗമമാക്കാനുള്ള സർക്കാരിന്റെ നിർണായക ചുവടുവയ്പ്പാണ്.
