ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ വലിയ ബിരുദങ്ങളുടെയോ പിൻബലമില്ലാതെ, സ്വയം പഠിച്ചെടുത്ത എഐ വിദ്യകളിലൂടെ പ്രതിമാസം ഒരു കോടി രൂപയോളം വരുമാനമുണ്ടാക്കുന്ന 19-കാരന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പ് ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.
‘ടോപ്മേറ്റ്’ എന്ന പ്രമുഖ സ്റ്റാർട്ടപ്പിന്റെ കോ-ഫൗണ്ടറും സിടിഒയുമായ ദിനേഷ് സിംഗ് ആണ് ആയുഷ് സിംഗ് എന്ന ഈ പത്തൊൻപതുകാരന്റെ അവിശ്വസനീയമായ ജീവിതയാത്ര ലോകത്തിന് മുന്നിൽ പങ്കുവെച്ചത്.
ഐഐടിയോ എംഐടിയോ പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിച്ചവനല്ല ആയുഷ്. കോവിഡ് കാലത്ത്, തന്റെ 13-ാം വയസ്സിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴാണ് ആയുഷ് സാങ്കേതികവിദ്യയുടെ ലോകത്തേക്ക് തിരിയുന്നത്. ഒരു സാധാരണ ലാപ്ടോപ്പും തടസ്സങ്ങൾ നിറഞ്ഞ ഇന്റർനെറ്റ് കണക്ഷനും മാത്രമായിരുന്നു കൂട്ട്. ലഭ്യമായ പഴയ കോഴ്സുകളിലൂടെയും അദമ്യമായ ജിജ്ഞാസയിലൂടെയും മെഷീൻ ലേണിംഗ് അവൻ സ്വയം പഠിച്ചെടുത്തു.
കഠിനാധ്വാനത്തിന്റെ ഫലമായി, മാസങ്ങൾക്കുള്ളിൽ തന്നെ വിദേശ സ്റ്റാർട്ടപ്പുകളുമായി ചേർന്ന് ആയുഷ് പ്രവർത്തിക്കാൻ തുടങ്ങി. അവന്റെ കഴിവിനുള്ള ഏറ്റവും വലിയ അംഗീകാരമായി, 14-ാം വയസ്സിൽ ലോകപ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആയുഷിന്റെ കോഴ്സ് പരസ്യമായി ശുപാർശ ചെയ്തു.
തുടക്കകാലത്ത് മികച്ച പ്രോജക്ടുകൾ ചെയ്തിരുന്നെങ്കിലും അതിൽ നിന്ന് വലിയ വരുമാനം നേടാൻ ആയുഷിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, കേവലം സാങ്കേതിക വിജ്ഞാനത്തിനപ്പുറം തന്റെ അറിവിനെ എങ്ങനെ കൃത്യമായി പാക്കേജ് ചെയ്യണമെന്നും വിപണനം ചെയ്യണമെന്നും പഠിച്ചതോടെയാണ് ആയുഷിന്റെ ജാതകം മാറിയത്. നിലവിൽ ടോപ്മേറ്റ് പ്ലാറ്റ്ഫോമിലൂടെ പ്രീമിയം എഐ കോഹോർട്ടുകൾ വിജയകരമായി നടത്തിയാണ് ഈ കൗമാരക്കാരൻ കോടികളുടെ വരുമാനം സ്വന്തമാക്കുന്നത്.
തങ്ങളുടെ അറിവുകളെയും കഴിവുകളെയും എങ്ങനെ കൃത്യമായി ധനസമ്പാദനത്തിനുള്ള മാർഗമാക്കി മാറ്റാം എന്നതിന് ഉത്തമ ഉദാഹരണമാണ് ആയുഷെന്ന് ദിനേഷ് സിംഗ് കുറിക്കുന്നു. പല ക്രിയേറ്റർമാരും വലിയ അറിവുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിലും അതിന്റെ ബിസിനസ്സ് വശത്തെക്കുറിച്ച് ധാരണയില്ലാത്തതിനാൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആയുഷിന്റെ ഈ അസാധാരണ വിജയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ ഇതിനെ കടുത്ത പ്രചോദനമായി കാണുമ്പോൾ, മറ്റൊരു വിഭാഗം യുവാക്കൾക്കിടയിൽ ഇത് കടുത്ത നിരാശയ്ക്കും കാരണമാകുന്നുണ്ട്.
