കോട്ടയം: ജില്ലയിലെ വിവിധ റോഡുകളില്‍ കൊലയാളി ടിപ്പറുകള്‍ പായുന്നു. റോഡിലിറങ്ങാന്‍ ഭയപ്പെട്ടു കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും. റോഡുകളിലുടെ പായുന്ന ടിപ്പറുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ ടിപ്പര്‍ ഇടിച്ചു ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥിയടക്കം മൂന്നു പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ജില്ലയിലെങ്ങും പരിശോധനകള്‍ നടത്തുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരെ പിടികൂടിയാല്‍ വാഹന ഉടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കും. അമിത വേഗത്തിനും അമിതഭാരത്തിനും പിഴ ചുമത്തും തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയിലാണ് ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ മുതല്‍ ഗ്രാമീണപാതകളിലൂടെ അടക്കം ടിപ്പറുകള്‍ അപകടം വിതച്ചു ചീറിപ്പായുകയാണ്.
ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഉച്ചത്തിൽ ഹോണ്‍ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നല്‍കിയില്ലെങ്കില്‍ അപകടമുറപ്പാണ്. മാഞ്ഞൂര്‍, കടുത്തുരുത്തി, കല്ലറ, ഉഴവൂര്‍, തലയോലപ്പറമ്പ്, വെച്ചൂര്‍ ഭാഗങ്ങളിലെ റോഡുകളിലൂടെയാണ് ടിപ്പറുകള്‍ പായുന്നത്.
പാറമടകളിലും മെറ്റല്‍ ക്രഷറുകളിലും നിന്നുള്ള സാധനങ്ങളുമായാണ് ലോറികള്‍ ചീറിപ്പായുന്നത്. അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഗ്രാമീണ റോഡുകളിലൂടെയാണ് കൂടുതലായും സഞ്ചരിക്കുന്നത്. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകള്ഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നാണെങ്കിലും പാലിക്കപ്പെടാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം പല റോഡുകളും തകര്‍ന്ന നിലയിലാണ്. ടിപ്പറുകളുടെ അമിതവേഗം ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവാണ്.
