തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെ പാലുകാച്ചല്‍ നടത്തിയാണ് അദ്ദേഹവും കുടുംബവും താമസം ആരംഭിച്ചത്. അടുത്ത ബന്ധുക്കളും ചില ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതിപക്ഷ നേതാവായിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഇന്ന് രാവിലെ 6.45 ഓടെയാണ് മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസിലേക്ക് യാത്ര തിരിച്ചത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അദ്ദേഹം താമസം മാറിയിരിക്കുന്നത്. അറ്റകുറ്റപണികള്‍ തീരുന്നതിന് മുന്‍പാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസത്തിനെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അറ്റകുറ്റപണികള്‍ക്ക് ശേഷം പിണറായി വിജയന് താമസത്തിനെത്തും.
