തിരുവനന്തപുരം: മദ്യനയത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ആദ്യം ചര്‍ച്ച നടത്തേണ്ടത് പാര്‍ട്ടിയിലാണ്. പിന്നീട് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണെന്നും സുധീരന് വ്യക്തമാക്കി.
മദ്യവ്യാപനവും ഉപയോഗവും കുറയ്ക്കുകയാണ് വേണ്ടത്. ലഹരിക്കെതിരെ ശക്തമായ പോരാട്ടം സര്‍ക്കാര്‍ നടത്തണം. മയക്കുമരുന്നിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ശക്തമായ നടപടിയെടുത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണം.
സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്ക്കുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ പിന്തുണ ഏറ്റവും കുടുതല്‍ ലഭിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മാതൃക സര്‍ക്കാരായി പ്രവര്‍ത്തിക്കണം. വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തില്‍ തീരുമാനം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. എല്‍ഡിഎഫിന്റെ മദ്യനയത്തെ ഉള്‍പ്പെടെ വിമര്‍ശിച്ചയാളാണ് മുഖ്യമന്ത്രി വി.ഡി.സതീശന്. മുഖ്യമന്ത്രി മുന്‍ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. കരിമണലിലും സംശയങ്ങള്‍ ബാക്കിയുണ്ട്. പിണറായിയുടെ കാലത്തും ഇതേ നിലപാടായിരുന്നു. അന്നും പറഞ്ഞത് ഖനനമില്ലെന്നും.
അദാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖനനത്തില്‍ നോട്ടമുള്ളവരാണ്. ആലപ്പുഴ തീരത്ത് ഒരു മേഖലയിലും ഖനനം പാടില്ല. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഖനനം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ബാറുകളുടെ കൃത്യമായ കണക്ക് അറിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വാരിക്കോരി കൊടുത്തു.
