കാരക്കസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. പതിനായിരത്തിലേറെ പേരെ കാണാനില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200 ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്.
200 ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു.
മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി സർക്കാർ 200 മില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൽ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ലെയോ പതിനാലാമൻ മാർപാപ്പ ആദ്യ സഹായമെന്ന നിലയിൽ ഒരുലക്ഷം യൂറോ കൈമാറി. നിരവധി കപ്പലുകൾ അടിയന്തര സഹായ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
