വാഷിംഗ്ടൺ: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന വിലയിരുത്തലുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് വീണ്ടും പ്രകോപനപരമായ നീക്കങ്ങളുമായി ട്രംപ് സർക്കാർ മുന്നോട്ടുപോകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്ക് ആശങ്കയൊഴിയുന്നില്ല.
ഇറാനുമായി ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും അതിന്റെ സമയം അതിക്രമിച്ചെന്നുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട്. യുഎസിന്റെ ഇച്ഛയ്ക്കനുസരിച്ചല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വീണ്ടും ഇറാനെ ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്നാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്.
ഇറാനെതിരെ തത്കാലം ആക്രമണത്തിനില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡന്റ് നടത്തിയ പരാമർശം ലോകരാജ്യങ്ങൾക്ക് ആശ്വാസകരമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ട്രംപ് നിലപാട് മാറ്റിയതോടെ വീണ്ടും സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇറാനുമായി ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ഇറാന്റെ സമ്പത്തിന്റെ അവകാശികൾ അമേരിക്കയാണെന്നും പറഞ്ഞ ട്രംപിന്റെ ഒറ്റ നിലപാടിലാണ് സാഹചര്യങ്ങൾ വീണ്ടും വഷളായിരിക്കുന്നത്.
കുത്തനെ ഉയർന്ന് ക്രൂഡ് ഓയിൽ വില
അമേരിക്കൻ പ്രസിഡന്റ് അഭിപ്രായം മാറ്റിയതോടെ ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ആഗോളതലത്തിൽ കത്തിക്കയറി. ഇറാനെതിരായ ആക്രമണത്തിനില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബാരലിന് 90 ഡോളറിനും താഴെയെത്തിയ ക്രൂഡോയിൽ വില വീണ്ടും വർധിച്ച് 95.74 ഡോളറിലെത്തി. സംഘർഷ സാധ്യത ഉയർന്നതിന് പിന്നാലെയാണ് ക്രൂഡോയിൽ വിലയിൽ വീണ്ടും വർധന.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ക്രൂഡോയിൽ വില ഉയർത്തുന്ന ഭീഷണി ചെറുതല്ല. ക്രൂഡോയിൽ വിലയിലുണ്ടായ വർധനയെ തുടർന്ന് രാജ്യത്തെ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചാൽ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരാനാണ് സാധ്യത.
എന്നാൽ അമേരിക്ക ഉയർത്തുന്ന ഭീഷണികൾക്കിടയിലും പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ ഉത്പാദനം വർധിക്കുന്നത് പ്രത്യാശ നൽകുന്നതാണ്. ഇറാഖും സൗദി അറേബ്യയും ഉൾപ്പെടെ എണ്ണ ഉത്പാദനം വർധിപ്പിച്ചതാണ് പ്രതീക്ഷ നൽകുന്നത്. ഇതുകൂടാതെ ഹോർമുസ് വഴി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തടസമില്ലാതെ ചരക്ക് ഗതാഗതം നടത്താമെന്ന ഇറാന്റെ പ്രഖ്യാപനവും ആശ്വാസകരമാണ്.
സ്വർണം വീണ്ടും തകർച്ചയിലേക്ക്
ഡോണൾഡ് ട്രംപിന്റെ ഇറാൻ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെ അമേരിക്കയിലെ പണപ്പെരുപ്പം വർധിച്ചെന്ന കണക്കുകൾ കൂടി പുറത്തുവന്നതോടെ സ്വർണവില വീണ്ടും കൂപ്പുകുത്തി. പണപ്പെരുപ്പം വർധിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.
ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ക്രൂഡോയിൽ വില വീണ്ടും ഉയർന്നത് സ്വർണത്തിനോടുള്ള നിക്ഷേപകരുടെ താത്പര്യങ്ങൾക്കും മങ്ങലേൽപ്പിച്ചു. ഇതോടെ സ്വർണവില ഔൺസിന് 120 ഡോളർ ഇടിഞ്ഞ് 3872 ഡോളറിലെത്തി. ഒരു വർഷത്തിനിടെ സ്വർണം അതിന്റെ ഏറ്റവും താഴ്ന്ന വിലയിലാണ് നിലവിലുള്ളത്.
വിപിൻ ദേവ്. വി.പി
