ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സാജന്യ യാത്ര അനുവദിച്ചിട്ടും വർഷങ്ങളായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സെസ് പിരിവ് കെഎസ്ആർടിസി ഒഴിവാക്കിയില്ല. 15 രൂപ മുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്ന ശ്രേണിയിലുള്ള ബസു കളിലെ യാത്രക്കാരിൽനിന്നാണ് സെസ് ആയി തുക ഈടാക്കുന്നത്.
15 രൂപ മുതൽ മുകളിലോട്ടുള്ള ടിക്കറ്റ് എടുക്കുന്ന യാത്രക്കാരിൽ നിന്ന് ഒരു രുപ മുതൽ 11 രൂപ വരെയാണ് ടിക്കറ്റ് ചാർജിന് പുറമേ സെസ് ആയി ഈടാക്കുന്നത്. ഓർഡിനറി ബസുകളിൽ 49 രൂപ വരെയുള്ള ടിക്കറ്റിന് സെസ് പിരിക്കുന്നില്ല.
2014ലാണ് കെഎസ്ആർടിസി യാത്രക്കാരിൽ നിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷ്വറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹികസുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻവേണ്ടിയാണ് സെസ് ഏർപ്പെടുത്തിയത്. 12 വർഷമായി ഇത് തുടരുകയാണ്. 2020 ഡിസംമ്പർ മുതൽ ഓർഡിനറി ബസിൽ 49 രൂപ വരെയുള്ള ടിക്കറ്റുകളെ സെസിൽ നിന്നൊഴിവാക്കി.
കെഎസ്ആർടിസിയുടെ പെൻഷൻ ഫണ്ടിലേക്ക് 164 കോടിരൂപ ഇതുവഴി സമാഹരിക്കാനും യാത്രക്കാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ നൽകാനും സെസ് പിരിവിലൂടെ ഉദ്ദേശിച്ചിരുന്നു.
ഡീസൽവിലയിലെ വർധനമൂലം കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ. സെസ് വാങ്ങാൻ തുടങ്ങിയതോടെ, ഒരേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കുകളായി.
പിന്നീട് ഡീസൽ വില അഞ്ചു രൂപവരെ കുറഞ്ഞതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു. നിരക്ക് കൂടിയ കെഎഎസ്ആർടിസി. ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ ഓർഡിനറി, സിറ്റി ഫാസ്റ്റ്, ജെൻറം, നോൺ എസി ബസുകളിൽ 49 രൂപവരെയുള്ള യാത്രാ ടിക്കറ്റുകളിൽ ചുമത്തിയിരുന്ന സെസ് 2020 ഡിസംബർ മുതൽ ഒഴി വാക്കിയിരുന്നു.
അന്ന് ആറുമാസത്തേക്കാണ് സെസ് ഒഴിവാക്കിയതെങ്കിലും ഉത്തരവില്ലാ തെ തന്നെ തുടരുകയായിരുന്നു. സെസ് ഒഴിവാക്കിയതിന് ഗതാഗത വകുപ്പ് സെക്രട്ടറി സാധൂകരണം നൽകി ഉത്തരവിറക്കിയത് അടുത്ത കാലത്താണ്.
ഫാസ്റ്റ് പാസഞ്ചർ ബസുകളിലും മറ്റും 15 മുതൽ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്കു മുകളിലെ ടിക്കറ്റിന് 11 രൂപയാണ് പരമാവധി സെസ്. സ്ത്രീകൾക്ക് യാത്രാസൗജന്യം നടപ്പാക്കിയിട്ടും സെസ് പിരിവ് നടത്തുന്നത് ഭൂഷണമല്ല എന്നാണ് സ്ഥിരം യാത്രക്കാരുടെ പക്ഷം. ഇത് അവസാനിപ്പിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
പ്രദീപ് ചാത്തന്നൂർ
