തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം ആലപിക്കാതിരുന്നതിലൂടെ മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാത്തത് സതീശൻ സർക്കാർ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും കീഴടങ്ങിയത് കൊണ്ടാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. പാർലമെന്റ് നിയമം പാസാക്കിയിട്ടും വി ഡി സതീശൻ സർക്കാർ അത് ലംഘിക്കുകയാണുണ്ടായത്. വന്ദേമാതരം പാടാത്തത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഗുരുതരമായ നിയമ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബിജെപി ഈ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനിടയിലെ വന്ദേമാതരം ആലാപനം തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചത് കോമാളിത്തരമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
