ഭാരതീയരുടെ ജീവിതശൈലിയിലെയും സംസ്കാരത്തിലെയും ഒരു സവിശേഷതയെ പ്രശംസിച്ച് വിദേശ വനിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. നിത്യജീവിതത്തിലെ ചെറിയ ചെറിയ നേട്ടങ്ങളും നാഴികക്കല്ലുകളും പോലും പരസ്പരം അഭിനന്ദിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കുന്ന ഇന്ത്യൻ ശീലം തന്നെ ഏറെ ആകർഷിച്ചുവെന്നാണ് യൂറോപ്യൻ യുവതിയായ ഗാബി പറയുന്നത്.
ഇന്ത്യയിൽ താമസിക്കുന്ന ഗാബി ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ ഈ ഹൃദയസ്പർശിയായ നിരീക്ഷണം പങ്കുവെച്ചത്. ഇവിടെ ആളുകൾ ഒരു പുതിയ ഫോൺ, സ്കൂട്ടർ അല്ലെങ്കിൽ കാർ വാങ്ങുമ്പോൾ പോലും പരസ്പരം ‘അഭിനന്ദനങ്ങൾ’ അറിയിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് ഗാബി പറയുന്നു.
യൂറോപ്പിൽ ഇത്തരമൊരു ശീലമില്ലെന്ന് വ്യക്തമാക്കിയ യുവതി, ഈ പ്രവൃത്തി വളരെ നല്ലതാണെന്നും പരസ്പരം സ്നേഹവും പോസിറ്റിവിറ്റിയും പങ്കുവെക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആളുകൾ മറ്റേതൊക്കെ അവസരങ്ങളിലാണ് ഇത്തരത്തിൽ പരസ്പരം ആശംസകൾ നേരാറുള്ളതെന്ന് കമന്റിലൂടെ പങ്കുവെക്കാനും ഗാബി വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
“ഇന്ത്യയിലുള്ളവർ ഇത്തരം കൊച്ചു കൊച്ചു നിമിഷങ്ങൾ പോലും ആഘോഷമാക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, വീഡിയോയ്ക്കൊപ്പം ഗാബി കുറിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഇന്ത്യയെ കൂടുതൽ മനോഹരമാക്കുന്നതെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ, ‘സ്നേഹമാണ് ഞങ്ങളുടെ ഭാഷ’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
