കോരുത്തോട്: കൊമ്പുകുത്തി മേഖലയിൽ വർഷങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിന് അറുതിയില്ല. കോടികൾ മുടക്കി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഇവയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് വന്യമൃഗങ്ങൾ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊമ്പുകുത്തി കണ്ണാട്ട് കവല ഭാഗത്ത് മുളങ്കുന്ന് പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കപ്പ, വാഴ, തെങ്ങ് അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലമായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാനാണ് ഏഴുകോടി രൂപയോളം മുടക്കി കിടങ്ങുകളും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയത്. നിർമാണത്തിലെ അപാകത മൂലം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത്.
കൊമ്പുകുത്തി മേഖലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മേഖലയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങുകൾ നിർമിച്ചത്. ആദ്യഘട്ടത്തിൽ നല്ല വീതിയിലും ആഴത്തിലും കിടങ്ങുകൾ നിർമിച്ചെങ്കിലും പിന്നീട് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ആഴവും വീതിയും കുറച്ചെന്നും പ്രാദേശവാസികൾ കുറ്റപ്പെടുത്തുന്നു.
നിലവിൽ ഇത്തരം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് പതിവായി എത്തുന്നത്. പ്രദേശത്ത് മുന്പ് ലക്ഷങ്ങൾ മുടക്കി സോളാർ ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാൽ, പരിപാലനം ഒന്നുമില്ലാതായതോടെ ഇത് പൂർണമായും തകർന്ന അവസ്ഥയിലാണ്. ആനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ നിർമിച്ച മറ്റൊരു പദ്ധതിയാണ് ഹാംഗിംഗ് ഫെൻസിംഗ്.
എന്നാൽ, ഇതും മറികടന്ന് ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടെന്നും ഇതിന്റെയും നിർമാണം തീർത്തും അശാസ്ത്രീയമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആന, കടുവ, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങൾ വീണ്ടും കൊമ്പുകുത്തി മേഖലയിൽ സ്വൈരവിഹാരം നടത്താൻ തുടങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി വനാതിർത്തി മേഖലയിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ വലിയ അഴിമതി നടക്കുന്നുണ്ടോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
