മൈക്രോസോഫ്റ്റ് കമ്പനിയിൽ പുതിയ ഘട്ട പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാനിരിക്കെ, ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം തനിക്ക് ആശ്വാസമാണ് തോന്നുന്നതെന്ന് തുറന്നുപറഞ്ഞ് ഒരു ജീവനക്കാരൻ രംഗത്ത്. പ്രൊഫഷണലുകൾക്കായി രൂപീകരിച്ചിട്ടുള്ള ‘ബ്ലൈൻഡ്’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അജ്ഞാതനായി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
ജൂലൈ 30ഓടെ പിരിച്ചുവിടേണ്ട ജീവനക്കാരുടെ അന്തിമപ്പട്ടിക മാനേജർമാർക്ക് ലഭിക്കുമെന്നും, ഈ ആഴ്ച തന്നെ അറിയിപ്പ് ഉണ്ടായേക്കുമെന്നും കുറിപ്പിൽ പറയുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി കമ്പനിയിൽ നിന്ന് തനിക്ക് ലഭിച്ച സൂചനകൾ വെച്ച് പുതിയ പിരിച്ചുവിടലിൽ തന്റെ ജോലിയും പോകുമെന്ന് ഉറപ്പാണെന്ന് ഈ ജീവനക്കാരൻ പറയുന്നു. തന്നെ പ്രധാന പ്രോജക്ടുകളിൽ നിന്ന് പതുക്കെ ഒഴിവാക്കിയതായും, നിലവിലെ ജോലികളിൽ സഹായിക്കാനായി മറ്റൊരു സഹപ്രവർത്തകനെ നിയോഗിച്ചതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
കൂടാതെ മാനേജർ തന്നോട് സംസാരിക്കുന്നത് കുറച്ചതായും കൃത്യമായ ഫീഡ്ബാക്കുകൾ നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും തനിക്ക് ഇപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയുള്ള ആശ്വാസമാണ് തോന്നുന്നതെന്ന് അദ്ദേഹം എഴുതി.
“കമ്പനിയിൽ തുടർച്ചയായി നടക്കുന്ന പുനഃസംഘടനകളും, എപ്പോൾ വേണമെങ്കിലും ജോലി പോകാം എന്ന അവസ്ഥയും, സഹപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുന്നത് കാണുന്നതും മാനസികമായി വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഒരു ഘട്ടമെത്തുമ്പോൾ ജോലി പോകുമെന്ന ആധി നമ്മൾ നിർത്തും. പകരം ഈ ജോലിയിൽ തുടരുന്നത് നമ്മുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നോർത്ത് നമ്മൾ വിഷമിക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ ഇവിടെ തുടരുന്നതിനേക്കാൾ നല്ലത് പുതിയൊരു തുടക്കമാണെന്ന് ജീവനക്കാരൻ കുറിച്ചു.
സാങ്കേതിക മേഖലയിൽ തുടർച്ചയായി നടക്കുന്ന പിരിച്ചുവിടലുകൾ കാരണം സമാനമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി ഐടി ജീവനക്കാർ ഈ കുറിപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചുവിടൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ തന്റെ ചിന്തകളിൽ മാറ്റം വന്നേക്കാമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഈ അനിശ്ചിതത്വത്തിൽ ജീവിക്കുന്നതിനേക്കാൾ ഭേദം ജോലി നഷ്ടപ്പെടുന്നത് തന്നെയാണ് എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
