ഗൾഫ് സ്വപ്നങ്ങളുമായി ദുബായിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്കായി അവിടുത്തെ യഥാർഥ ജീവിതച്ചെലവ് വെളിപ്പെടുത്തി ഇന്ത്യൻ ദമ്പതികൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദമ്പതികൾ തങ്ങളുടെ പ്രതിമാസ ബഡ്ജറ്റ് പരസ്യമാക്കിയത്. ദുബായിൽ ഒരു സാധാരണ മിഡിൽ ക്ലാസ് ജീവിതം നയിക്കാൻ മാത്രം ഒരു മാസത്തിൽ 13,000 മുതൽ 14,000 ദിർഹം വരെ (ഏകദേശം 3.3 ലക്ഷം മുതൽ 3.6 ലക്ഷം ഇന്ത്യൻ രൂപ) വേണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇതിൽ യാത്രകൾക്കോ, ഷോപ്പിംഗിനോ, മറ്റ് വിനോദങ്ങൾക്കോ ഉള്ള തുക ഉൾപ്പെടുത്തിയിട്ടില്ലെന്നും, തികച്ചും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ള കണക്കാണിതെന്നും ദമ്പതികൾ പറയുന്നു.
ദമ്പതികളുടെ ഏറ്റവും വലിയ ബാധ്യത വീട്ടുവാടകയ്ക്ക് പകരമുള്ള ഹോം ലോൺ ഇഎംഐ ആണ്. ഇതിനായി മാസം 6,000 ദിർഹം ചെലവാകുന്നു. വൈദ്യുതി, വെള്ളം, വൈഫൈ തുടങ്ങിയവയ്ക്കായി 1,500 ദിർഹം.വീട്ടിൽ പാചകം വളരെ കുറവായതിനാൽ പലചരക്ക് സാധനങ്ങൾക്ക് 500 ദിർഹവും , പുറത്തുനിന്നുള്ള ഭക്ഷണത്തിനായി 1,500 ദിർഹവും മാറ്റിംവെക്കുന്നു. ഭർത്താവിന്റെ കാർ യാത്രകൾക്ക് (ഇന്ധനം, പാർക്കിംഗ്, സാലിക് ടോൾ ഉൾപ്പെടെ) 1,700 ദിർഹമാകും . ജോലി ആവശ്യത്തിനായി ദുബായിൽ നിന്നും അബുദാബിയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഭാര്യയുടെ യാത്രാച്ചെലവ് 1,700 മുതൽ 2,000 ദിർഹം വരെയാണ്. വീട് വൃത്തിയാക്കാൻ വരുന്ന പാർട്ട് ടൈം ജീവനക്കാരിക്ക് ആഴ്ചയിൽ 250 ദിർഹവും (6,000 രൂപ), മറ്റ് അപ്രതീക്ഷിത ചെലവുകൾക്കായി 1,000 ദിർഹവും ഇവർ മാറ്റിവെക്കുന്നു.
ദുബായിലെ ജീവിതച്ചെലവിനെക്കുറിച്ച് പലരും തെറ്റായ ധാരണകൾ പരത്തുന്നതിനിടയിൽ, യഥാർഥവും സുതാര്യവുമായ കണക്കുകൾ പുറത്തുവിട്ട ദമ്പതികളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ദുബായിലെ ശരിക്കുള്ള ചെലവ് തുറന്നുപറയാൻ കാണിച്ച മനസ്സിന് നന്ദി” എന്ന് ഒരു ഉപഭോക്താവ് കുറിച്ചപ്പോൾ, “ദിർഹത്തിൽ ഓർത്ത് കരയുന്നു” എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. പ്രവാസ ലോകത്തെ സാമ്പത്തിക യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ വീഡിയോ എന്ന് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെട്ടു.
