കരിയറിലെ ഉയർന്ന ശമ്പളവും പദവിയും നൽകുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, 33-ാം വയസ്സിൽ ഒരു റെസ്റ്റോറന്റിൽ വെയിട്രസായി ജോലി ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് യുവതി. കൺഡന്റ് ക്രിയേറ്ററായ സറാമി കോർണിഷ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വലിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അമിതമായ മാനസിക സമ്മർദ്ദം മാത്രമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സെറാമി പറയുന്നു.
തന്റെ കോർപ്പറേറ്റ് ജോലിയുടെ അവസാനത്തെ ആറ് മാസങ്ങൾ ആരോഗ്യപരമായി കടുത്ത പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്ന് സെറാമി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. എന്നാൽ ജോലി രാജിവെച്ചതോടെ എന്റെ ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടു. പരിശോധനകളിൽ കണ്ടെത്തിയ രോഗലക്ഷണങ്ങളെല്ലാം വെറും മാനസിക സമ്മർദ്ദം കാരണം ഉണ്ടായതായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ജോലി ഒഴിഞ്ഞതോടെ ആ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായി. ഇപ്പോൾ ഞാൻ മുൻപത്തേക്കാൾ പൂർണ് ആരോഗ്യവതിയാണ്,” സെറാമി പറഞ്ഞു.
തന്റെ ഭാവി ജീവിതത്തെക്കുറിച്ച് നൂറു ശതമാനം വ്യക്തതയുള്ള ഒരു പ്ലാൻ ഇപ്പോൾ മുന്നിലില്ലെന്നും, പരമ്പരാഗതമായ രീതിയിലുള്ള ഒരു ജീവിതമല്ല താൻ ആഗ്രഹിക്കുന്നതെന്നും മറ്റൊരു പോസ്റ്റിൽ അവർ വ്യക്തമാക്കി. ജീവിതത്തിൽ ഇനി എന്ത് വേണമെന്ന് ചിന്തിച്ചു തീരുമാനിക്കുന്നത് വരെയുള്ള ഈ ഇടവേളയിൽ ഒരു റെസ്റ്റോറന്റിൽ വെയിട്രസായി ജോലി ചെയ്യുന്നത് തനിക്ക് ഏറെ അനുയോജ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
“മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുക്കുമ്പോൾ ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതി നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ഒരുകാര്യം ഓർക്കുക; മറ്റുള്ളവർ നമ്മുടെ ജീവിതത്തെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ച് സമയം കളയാൻ മാത്രം ദീർഘമുള്ളതല്ല നമ്മുടെ ജീവിതം,” സെറാമി തന്റെ വീഡിയോയുടെ അടിക്കുറിപ്പായി എഴുതി.
സെറാമിയുടെ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ കാണുകയും വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. കോർപ്പറേറ്റ് ലോകത്തെ കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ച് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്.
