ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റ് പരിസരത്തെ മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി സ്വദേശിയായ യുവാവ്. ആശിഷ് ഗ്രോവർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇന്റർനെറ്റിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇന്ത്യാ ഗേറ്റിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കവറുകളും പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്. “ദില്ലിയിലെ ഏറ്റവും പ്രശസ്തമായ ഈ സ്ഥലം കണ്ടോ?” എന്ന ചോദ്യത്തോടെയാണ് ആശിഷ് കാമറ ചുറ്റുമുള്ള മാലിന്യങ്ങളിലേക്ക് തിരിച്ചത്. ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളും തദ്ദേശീയരും എത്തുന്ന പ്രദേശത്ത് പൊതുജനങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയും ശുചീകരണ സംവിധാനങ്ങളുടെ പോരായ്മയെയും വീഡിയോ ചോദ്യം ചെയ്യുന്നു. വീഡിയോ വൈറലായതോടെ, സ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളും കൃത്യമായ പൗരബോധം പുലർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
