സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം ആലാപിച്ച് സോഷ്യൽ മീഡിയയുടെയും മനം കവർന്ന് നാഗാലാൻഡിൽ നിന്നുള്ള അഞ്ചുവയസ്സുകാരൻ. നാഗാലാൻഡ് സ്വദേശിയായ വാങ്നാവോ യാതോ എന്ന കൊച്ചുബാലന്റെ ഹൃദയസ്പർശിയായ ആലാപനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വാങ്നാവോ നിർഭയമായും തെളിമയാർന്ന ശബ്ദത്തിലും ‘ജനഗണനമ’ ആലാപിച്ചത്. കുഞ്ഞിന്റെ ആലാപന മികവും ആത്മവിശ്വാസവും നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആനന്ദ് മഹിന്ദ്ര, കുഞ്ഞു യാതോയുടെ പ്രകടനം കേട്ടതിനുശേഷം നാഗാലാൻഡ് സന്ദർശിക്കാതെ എങ്ങനെ ഇരിക്കാനാകും എന്ന് കുറിച്ചു.
ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഗൗരവമേറിയ ഒരു ഗാനം പൂർണ ആത്മാർഥതയോടെ അവതരിപ്പിച്ച യാതോയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വേദിയിലെ കുഞ്ഞുരൂപവും ശക്തമായ ശബ്ദവും തമ്മിലുള്ള വൈരുധ്യമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ കൊച്ചുമിടുക്കന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
