ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ട് വൻ ലഹരിവേട്ട. ആർകെ ജംഗ്ഷന് സമീപം കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ വിൽപന നടത്തിവന്ന അച്ഛനും മകനുമാണ് പിടിയിലായത്. വെട്ടുവേനി മുറി താമരശേരി കിഴക്കതിൽ ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കടയ്ക്കുള്ളിലും ചേർന്നുള്ള വീട്ടിലുമായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് ഹാൻസും നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വിൽപനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയുമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾ ലഹരിവസ്തുക്കളും വിൽപനപ്പണവും കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ പരിശോധനയ്ക്കായെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം കൃത്യമായി മണത്തുപിടിച്ചതോടെയാണ് പോലീസിന് പരിശോധന എളുപ്പമായത്.
പിടിയിലായ പ്രതികൾ പ്രദേശത്തെ സ്ഥിരം ലഹരി വിൽപനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് മാത്രം നിലവിൽ നാൽപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്.മുൻപ് ഇതേ കടയിൽ പരിശോധനയ്ക്കായി എത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇവർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബുവിന്റെ നേതൃത്വത്തിൽഎസ്ഐ നൗഷാദ്, പ്രൊബേഷൻ എസ്ഐ ദേവരാജ് വിശ്വജിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഹരിപ്പാട് പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീമും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
