പുതുമഴ പെയ്യുമ്പോൾ തന്നെ ജലജന്യ രോഗങ്ങളും കടന്നുവരികയാണ്, കൊതുകുകൾ പെരുകുകയാണ്, ഓടകൾ നിറയുകയാണ്. അങ്ങനെ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്.
ആയുർവേദത്തിൽ ഈ കാലഘട്ടം ശരീരത്തിലെ വാതദോഷം വർധിക്കുന്ന സമയമായി കണക്കാക്കുന്നു. അഗ്നി അഥവാ ദഹന ശക്തി കുറയുന്ന സമയമായതിനാൽ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കപ്പെടാതെ പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. അതിനാലാണ് പ്രതിരോധവും ജീവിതശൈലിയും ആയുർവേദത്തിൽ പ്രധാനമായി നിർദേശിക്കുന്നത്.
മഴക്കാല രോഗങ്ങളെ ജലജ്യമെന്നും കൊതുകുജന്യം എന്നും മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നിങ്ങനെ തരം തിരിക്കാം
കോളറ
ജലത്തിലൂടെ പകരുന്ന ഈ രോഗത്തെ ഛർദ്ദ്യതിസാരം എന്നും വിളിക്കുന്നു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാട്, മലിനമായ വെള്ളം, ആഹാരം എന്നിവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു. മനുഷ്യരുടെ മല വിസർജനം വഴി ബാക്ടീരിയ കുടിവെള്ളത്തിൽ കലർന്ന് ഈ രോഗം പരത്തുന്നു. ഈച്ചയും ഈ രോഗം പരത്താറുണ്ട്.
വയറിളക്കം
ദിവസം മൂന്നോ അതിൽ കൂടുതലോ തവണ മലം ഇളകി പോവുകയാണെങ്കിൽ അതിനെ വയറിളക്കമായി കണക്കാക്കാം. ശരീരത്തിൽ നിന്നുള്ള അമിത ജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഓരോ വർഷവും അഞ്ചുവയസിനു താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് വയറിളക്കം കാരണം മരിക്കുന്നത്.
വയറിളക്കം പലതരത്തിലുണ്ട്. വെള്ളം പോലെ മലം പോകുന്ന വയറിളക്കങ്ങൾ ഉണ്ട്. ഇവ ദിവസങ്ങളോ മണിക്കൂറുകളോ നിലനിൽക്കും. മലത്തിലൂടെ രക്തം പോകുന്ന വയറിളക്കങ്ങൾ ഉണ്ട്. അതുപോലെ 14 ദിവസങ്ങളോ അതിലധികമോ നിലനിൽക്കുന്ന വയറിളക്കങ്ങൾ ഉണ്ട്.
ടൈഫോയിഡ്
സൽമാണല്ലോ ടൈഫി എന്ന ബാക്ടീരിയ ആണ് ടൈഫോയിഡ് ഉണ്ടാക്കുന്നത്. ക്രമേണ വർധിച്ചു വരുന്ന പനി, തലവേദന, ക്ഷീണം, വയറിളക്കം, വയറുവേദന എന്നിവയാണ് ഏറ്റവും പ്രധാന ലക്ഷണങ്ങൾ.
ഈച്ചയിലൂടെയും ടൈഫോയിഡ് രോഗം വരാനുള്ള സാധ്യത ഏറെയാണ്. തുറസായ സ്ഥലങ്ങളിലുള്ള മലവിസർജനം, വൃത്തി രഹിതമായ ജീവിതരീതി, കൈ കഴുകാതെ ഭക്ഷണം കഴിക്കൽ എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നു.
മഞ്ഞപ്പിത്ത രോഗങ്ങൾ
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മഞ്ഞപ്പിത്ത രോഗങ്ങൾ പകരുന്നു. ഹെപ്പ റ്റൈറ്റിസ് Hepatitis എ,ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു തരങ്ങൾ ഉണ്ടെങ്കിലും അതിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയാണ് ഇത്തരത്തിൽ പകരുന്നത്. വിശപ്പില്ലായ്മ, കണ്ണിന്റെ വെള്ള ഭാഗത്ത് മഞ്ഞനിറം പ്രത്യക്ഷമാവുക, തൊലിപ്പുറത്തുള്ള മഞ്ഞനിറം, ക്ഷീണം, പനി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ
ഹോസ്പിറ്റൽ, കോയൊങ്കര,
കാസർഗോഡ്
