അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ 25 ആഴ്ച വളർച്ചയിൽ ജനിച്ച 700 ഗ്രാം മാത്രം ഭാരമുള്ള കുട്ടിക്ക് മൂന്നുമാസത്തെ പരിചരണത്തിലൂടെ അതിജീവനം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൂന്ന് മാസത്തിലധികം നീണ്ട പരിചരണത്തിലൂടെയാണ് ആരോഗ്യനില മെച്ചപ്പെടുത്തി കുട്ടിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞത്.
ജനിച്ച ഉടൻതന്നെ കുഞ്ഞിന് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയും വെന്റിലേറ്റർ സഹായവും നൽകി. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിച്ചു.
ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ, അക്യൂട്ട് കിഡ്നി ഇഞ്ചുറി, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.നിയോനാറ്റോളജി ഐസിയുവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിദഗ്ധ സംഘത്തിന്റെയും പരിചരണത്തിലൂടെ ഇവയെല്ലാം നിയന്ത്രണത്തിലാക്കാൻ സാധിച്ചു.
പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി എന്ന രോഗത്തിന് കുഞ്ഞിന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ലേസർ ചികിത്സ നൽകുകയും ചെയ്തു. ആരോഗ്യനില വീണ്ടെടുത്ത ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ കുട്ടിയുടെ ഭാരം 1.5 കിലോഗ്രാം.
മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം എച്ച്ഒഡി ഡോ. സിറിൽ റൊസാരിയോ, ന്യൂബോൺ ചീഫ് ഡോ. ലതിക, ഡോ. സൂസി, നിയോനാറ്റോളജിസ്റ്റ് ഡോ. ടിസ്സ, ഹെഡ് സിസ്റ്റർ ഷീജ തുടങ്ങിയവർ ഉൾപ്പെടുന്ന വിദഗ്ധസംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ ലഭ്യമാക്കിയത്. നീണ്ട കാലയളവിൽ വിജയകരമായ ഫോളോ അപ് നിർവഹിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും ടീമിനെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി അഭിനന്ദിച്ചു.
