ഐഐടി ബോംബെയിലെ പഠനം തനിക്ക് നൽകിയത് വെറുമൊരു ബിരുദം മാത്രമല്ല, അതിനേക്കാൾ വിലമതിക്കാനാകാത്ത വലിയൊരു ജീവിതപാഠമാണെന്ന് വെളിപ്പെടുത്തി ഐഐടി പൂർവ്വ വിദ്യാർഥിയും ‘അനാഹദ്’ കമ്പനിയുടെ സഹസ്ഥാപകനുമായ ശിഖർ അഗർവാൾ. പുസ്തകങ്ങളിൽ നിന്നോ ക്ലാസ് മുറികളിൽ നിന്നോ പഠിച്ചതിനേക്കാൾ വലുതാണ് താൻ അവിടെ നിന്നും നേടിയെടുത്തതെന്ന് അദ്ദേഹം തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, ഏത് വിവരവും വിരൽത്തുമ്പിൽ ലഭ്യമായിരിക്കെ, ഇപ്പോഴും ഐഐടിയിലെ പഠനം അത്രമാത്രം മൂല്യമുള്ളതാണോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് ശിഖർ പറയുന്നു. എന്നാൽ പലരും ഐഐടി ബിരുദത്തെ തെറ്റായ രീതിയിലാണ് നോക്കിക്കാണുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ക്ലാസ് മുറികളോ ക്യാമ്പസിലെ ആധുനിക സൗകര്യങ്ങളോ അല്ല ഈ വളർച്ചയ്ക്ക് കാരണം, മറിച്ച് കൂടെയുള്ള മനുഷ്യരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വലിയ ലക്ഷ്യങ്ങളുള്ള, കഠിനാധ്വാനികളായ ഒരു കൂട്ടം ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ നമ്മുടെ ചിന്താഗതിയും ലക്ഷ്യങ്ങളും തനിയെ ഉയരും. സഹപാഠികൾ പുതിയ ഉത്പന്നങ്ങൾ നിർമിക്കുന്നതും സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും കാണുമ്പോൾ നമ്മളും വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും. ചുവരിലെ ബിരുദ സർട്ടിഫിക്കറ്റിനേക്കാൾ തനിക്ക് മൂല്യമുള്ളത് അവിടെയുള്ള മനുഷ്യരിൽ നിന്ന് ലഭിച്ച പ്രചോദനമാണെന്ന് ശിഖർ പറയുന്നു.
ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഏത് ചോദ്യത്തിനും മറുപടി നൽകാൻ സാധിച്ചേക്കാം. അറിവ് എല്ലാവർക്കും ഒരുപോലെ ലഭ്യമാണ്. എന്നാൽ, കൂടെയുള്ള മനുഷ്യർ നമ്മളെ ദിവസവും കൂടുതൽ മെച്ചപ്പെടാൻ പ്രേരിപ്പിക്കുന്ന, ചിന്തകളെ ഉണർത്തുന്ന ഒരു മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഒരു എഐ അൽഗോരിതത്തിനും സാധിക്കില്ല. അതുകൊണ്ട് തന്നെ എഐയുടെ വരവോടെ ഐഐടി നൽകിയ ഈ അനുഭവത്തിന് താൻ ഇപ്പോൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നുണ്ടെന്നും ശിഖർ അഗർവാൾ കൂട്ടിച്ചേർത്തു.
