മുംബൈയിൽ വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് സുഗമമായി മുന്നോട്ട് കുതിക്കുന്നതിന്റെ നാടകീയമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. മുംബൈയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ജൂലൈ 4ന് കാഞ്ചൂർമാർഗിന് സമീപം ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്ന് പറയപ്പെടുന്നു.
എക്സിൽ ആണ് ഇത് പങ്കുവെക്കപ്പെട്ടത്. റെയിൽവേ ട്രാക്കിന് മുകളിലൂടെ വെള്ളം കെട്ടിക്കിടക്കുന്ന ഒരു ഭാഗത്തുകൂടി ട്രെയിൻ സ്ഥിരതയോടെ നീങ്ങുന്നത് ഈ വൈറൽ ക്ലിപ്പിൽ കാണാം. ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ ഇരുവശത്തുനിന്നും വൻതോതിൽ വെള്ളം തെറിച്ചുയരുന്നുണ്ടായിരുന്നു.
“മുംബൈയിലെ കനത്ത മൺസൂൺ മഴയ്ക്കിടയിൽ, വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് കുതിച്ചുപായുന്ന അതിശയകരമായ വീഡിയോ വൈറലായിരിക്കുന്നു,” ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് ഇതിനെ മൺസൂണിനെ പ്രതിരോധിക്കുന്നതിന്റെ പ്രതീകമായി വിളിച്ചപ്പോൾ, മുംബൈയെ തടയാൻ ഒന്നിനും കഴിയില്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെട്ടത്.
എന്നിരുന്നാലും, പ്രശംസകൾക്ക് പുറമെ ചില ഉപയോക്താക്കൾ തങ്ങളുടെ ആശങ്കകളും പങ്കുവെച്ചു. വാർഷിക മൺസൂൺ സീസണിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് മുംബൈയിൽ ഗതാഗതക്കുരുക്കും ദൈനംദിന യാത്രകളിൽ തടസ്സവുമുണ്ടായ സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്തുവന്നത്. മേഖലയിലെ ചില ഭാഗങ്ങളിൽ അതീവ ഗുരുതരമായ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
