പരവൂർ: റെയിൽവേയുടെ വിവിധ സോണുകൾ ചക്ര നിർമാണത്തിന് ആവശ്യമായ കനത്ത ലോഹ അവശിഷ്ടങ്ങൾ ഫാക്ടറികളിലേക്ക് അയക്കുന്നതിന് പകരം പുറത്ത് വിൽക്കുന്നതിൽ റെയിൽവേ ബോർഡ് അതൃപ്തി അറിയിച്ചു.റെയിൽവേ സോണുകളുടെ ഈ നടപടി 2026-27 സാമ്പത്തിക വർഷത്തെ ട്രെയിൻ ചക്രങ്ങളുടെ ഉൽപ്പാദന ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
ആക്രി സാധനങ്ങൾ പുറത്ത് വിൽക്കുന്നത് അടിയന്തരമായി നിർത്തിവച്ച് അവ ചക്ര നിർമാണ ഫാക്ടറികളിലേക്ക് നേരിട്ട് എത്തിക്കണമെന്ന് ബോർഡ് കർശന നിർദേശം നൽകി. റെയിൽവേയുടെ കീഴിലുള്ള കനത്ത ലോഹ അവശിഷ്ടങ്ങൾ ഉപയോഗശൂന്യമായ ആക്സിലുകൾ തുടങ്ങിയവയുടെ വിൽപ്പന പൂർണമായും നിർത്തലാക്കാനും, ഇവ കർണാടകയിലെ യെലഹങ്കയിലുള്ള റെയിൽ വീൽ ഫാക്ടറി ബിഹാറിലെ ബേലയിലുള്ള റെയിൽ വീൽ പ്ലാന്റ് എന്നീ രണ്ട് ഉത്പ്പാദന യൂണിറ്റുകളിലേക്ക് മാത്രമായി അയയ്കാനും ബോർഡ് 2007, 2008 വർഷങ്ങളിലെ സർക്കുലറുകളിലൂടെ നേരത്തെ തന്നെ നിർദേശിച്ചിരുന്നതാണ്.
മുൻ ഉത്തരവുകൾ നിലനിൽക്കെ തന്നെ ചില സോണൽ റെയിൽവേകൾ ഇപ്പോഴും വീൽസെറ്റുകൾ ഉൾപ്പെടെയുള്ള കനത്ത ലോഹ അവശിഷ്ടങ്ങൾ ഇ-ലേലം വഴി വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച അയച്ച കത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. എല്ലാ സോണൽ റെയിൽവേകളുടെയും പ്രിൻസിപ്പൽ ചീഫ് മെറ്റീരിയൽസ് മാനേജർമാർക്കാണ് ബോർഡ് കത്തയച്ചത്. കൂടാതെ, ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഉപയോഗശൂന്യമായി തള്ളുന്ന സമയത്ത് അതിലെ വീൽസെറ്റുകൾ വേർതിരിച്ചെടുത്ത് സൂക്ഷിക്കുന്നതിൽ ചില റെയിൽവേകൾ വീഴ്ചവരുത്തുന്നതായും ബോർഡ് ചൂണ്ടിക്കാണിക്കുന്നു.
യെലഹങ്കയിലെയും ബേലയിലെയും ഫാക്ടറികളിൽ ചക്ര നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ഇത്തരം ലോഹ അവശിഷ്ടങ്ങളാണ്. ഇവയുടെ ലഭ്യതയിലുണ്ടാകുന്ന നേരിയ കുറവ് പോലും ഈ സുപ്രധാന നിർമാണ യൂണിറ്റുകളുടെ പ്രവർത്തനത്തെ പൂർണമായി തടസപ്പെടുത്തും. റെയിൽവേയ്ക്ക് ഉള്ളിൽ തന്നെ ഉത്പ്പാദിപ്പിക്കപ്പെടുന്ന സ്ക്രാപ്പുകൾ വാർഷിക ആവശ്യങ്ങൾക്ക് മതിയെന്നതിനാൽ, പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്ന് ഇതിനായി യാതൊരു സാമഗ്രികളും വാങ്ങാറില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2026-27 സാമ്പത്തിക വർഷത്തിൽ ആകെ 1,52,800 മെട്രിക് ടൺ ലോഹ അവശിഷ്ടങ്ങളാണ് ഫാക്ടറികൾക്ക് നൽകേണ്ടത്. ഇതിൽ ഏറ്റവും കൂടുതൽ സ്ക്രാപ്പ് നൽകേണ്ടത് ഈസ്റ്റേൺ റെയിൽവേ (19,000 മെട്രിക് ടൺ), സൗത്ത് സെൻട്രൽ റെയിൽവേ (16,100 മെട്രിക് ടൺ), നോർത്തേൺ റെയിൽവേ (15,100 മെട്രിക് ടൺ) എന്നീ സോണുകളാണ്. ഉത്പ്പാദനം തടസപ്പെടാതിരിക്കാൻ കൃത്യമായ അളവിൽ സാമഗ്രികൾ ലഭ്യമാക്കണമെന്ന് ഇരു ഫാക്ടറികളും നേരത്തെ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
