പരവൂർ: ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും റെയിൽവേ സ്റ്റേഷനുകളുടെ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിപുലമായ പരിഷ്കാരങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. സുരക്ഷിതവും സുഗമവുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്റ്റേഷൻ മാസ്റ്റർമാരെ ഭരണപരമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അന്തിമ രൂപം നൽകി.
ട്രെയിൻ ഗതാഗതം സങ്കീർണമായ മൾട്ടി-ട്രാക്ക് ലൈനുകളിലും തിരക്കേറിയ റൂട്ടുകളിലും കൂടുതൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാനും നിലവിലുള്ള ഒഴിവുകൾ മുൻഗണനാടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താനും മന്ത്രാലയം തീരുമാനം എടുത്തു കഴിഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.
ഇതിന്റെ ഭാഗമായി പൂർണമായും പേപ്പർ രഹിതമായ മൊബൈൽ ആപ്പ് അധിഷ്ഠിത വർക്കിംഗ് സിസ്റ്റം റെയിൽവേ അവതരിപ്പിക്കും. വിവിധ റെയിൽവേ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കാനും യാത്രക്കാരുടെ പരാതികൾ ഉടൻ പരിഹരിക്കാനും സഹായിക്കുന്ന ‘.ഇന്റഗ്രേറ്റഡ് സ്റ്റേഷൻ മാനേജ്മെൻ്റ് സിസ്റ്റവും’ ഉടൻ നിലവിൽ വരും.
അടിയന്തര സാഹചര്യങ്ങളെയും സങ്കീർണമായ റെയിൽവേ ഓപ്പറേഷനുകളെയും കൂടുതൽ കാര്യക്ഷമമായി നേരിടാൻ സ്റ്റേഷൻ മാസ്റ്റർമാർക്ക് വിർച്വൽ റിയാലിറ്റി സിമുലേറ്ററുകൾ എന്നിവയുടെ സഹായത്തോടെയുള്ള ആധുനിക പരിശീലനം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സ്റ്റേഷനുകളിലെ പ്രാദേശിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്റ്റേഷൻ മാസ്റ്റർമാരുടെ സാമ്പത്തിക അധികാരം വർധിപ്പിക്കും.
ഇതോടെ സ്റ്റേഷൻ കെട്ടിടങ്ങളുടെയും കോളനികളുടെയും അടിയന്തര അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സാധിക്കും. സ്റ്റേഷൻ മാസ്റ്റർ കേഡറിലുള്ളവർക്ക് റെയിൽവേയുടെ ഉന്നത മാനേജ്മെന്റ് തസ്തികകളിലേക്കും നേതൃത്വ പദവികളിലേക്കും ഉയർന്നുവരാൻ ഉതകുന്ന രീതിയിൽ കരിയർ പ്രോഗ്രഷൻ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തും. ഇത് ജീവനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും കരിയർ വളർച്ചയും സമ്മാനിക്കും.
ട്രെയിൻ സർവീസുകളുടെ സുരക്ഷയ്ക്ക് കനത്ത ജാഗ്രത പുലർത്തുന്നതിനൊപ്പം, റെയിൽവേയിൽ വനിതാ സ്റ്റേഷൻ മാസ്റ്റർമാരുടെയും വനിതാ പോയിന്റ്സ്മാൻമാരുടെയും എണ്ണം വർധിച്ചുവരുന്നത് കണക്കിലെടുത്ത് അവർക്ക് അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങളും ഉപഭോക്തൃ സൗഹൃദ ടൂളുകളും സ്റ്റേഷനുകളിൽ ലഭ്യമാക്കും. ഫ്രണ്ട്ലൈൻ ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതവും ആക്സസ് ചെയ്യാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോടിക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേയെ കൂടുതൽ പ്രതികരണശേഷിയുള്ളതും ആധുനികവുമായ ഒരു സംവിധാനമാക്കി മാറ്റാൻ ഈ പുതിയ നടപടികൾക്ക് സാധിക്കുമെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
- എസ് ആർ. സുധീർ കുമാർ
