പരവൂർ: ഒരു ഒടിപിയോ യുപിഐ പിൻ നമ്പറോ നൽകാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന പുതിയ ഡിജിറ്റൽ കെണിയെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്.സോഷ്യൽ മീഡിയ പരസ്യങ്ങളിലും മറ്റും കാണുന്ന ആപ്പുകളുടെയോ ഒടിടി പ്ലാറ്റ്ഫോമുകളുടെയോ 30 ദിവസത്തെ ഫ്രീ ട്രയൽ ഓഫറുകൾ ഒന്നു മുതൽ രണ്ട് വരെ രൂപ നൽകി ആക്ടിവേറ്റ് ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്.
സുരക്ഷിതമെന്ന് കരുതി ഉപയോക്താക്കൾ നടത്തുന്ന ഈ ചെറിയ ഇടപാടിലൂടെ വളരെ നിശബ്ദമായി ഒരു ‘യുപിഐ ഓട്ടോപേ മാൻഡേറ്റ്’ അക്കൗണ്ടിൽ സജീവമാവുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രയൽ കാലാവധി കഴിയുന്നതോടെ ഉപയോക്താവിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ കൃത്യമായ മാസവരിസംഖ്യ അക്കൗണ്ടിൽനിന്നു തനിയെ ഈടാക്കാൻ കമ്പനികൾക്ക് ഈ സംവിധാനം വഴി സാധിക്കും.
ഷോപ്പിംഗ് ആപ്പുകളോ ഒടിടി ആപ്പുകളോ മൊബൈലിൽനിന്നു വെറുതെ അൺഇൻസ്റ്റാൾ ചെയ്താൽ പോലും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന ഈ ഓട്ടോപേ സംവിധാനം തനിയെ റദ്ദാകില്ല എന്ന യാഥാർഥ്യം പലർക്കും അറിയില്ല. ഒന്നിലധികം ആപ്പുകളിൽ ഇത്തരത്തിൽ പണം ഈടാക്കപ്പെടുമ്പോൾ അത് മാസബജറ്റിനെ ബാധിക്കുക മാത്രമല്ല, അക്കൗണ്ടിൽ പണം കുറവാണെങ്കിൽ ലോൺ ട്രാൻസാക്ഷനുകൾ പരാജയപ്പെടാനും ബാങ്ക് പെനാൽറ്റികൾക്കും ക്രെഡിറ്റ് സ്കോർ കുറയുന്നതിനും കാരണമാവുകയും ചെയ്യും. പല തേർഡ് പാർട്ടി ആപ്പുകളും ഇത് റദ്ദാക്കാനുള്ള വഴികൾ വളരെ സങ്കീർണമാക്കിയാണ് വയ്ക്കാറുള്ളത്.
മുൻപ് വ്യത്യസ്ത യുപിഐ ആപ്പുകളിൽ നൽകിയിട്ടുള്ള മാൻഡേറ്റുകൾ ഒന്നിച്ച് കാണാൻ സാധിക്കാതിരുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ ഇപ്പോൾ ഇതിനായി വളരെ ലളിതമായ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.നിങ്ങളുടെ പേരിൽ നിലവിലുള്ള എല്ലാ യുപിഐ ഓട്ടോപേ മാൻഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് വച്ച് ട്രാക്ക് ചെയ്യാനും അവ റദ്ദാക്കാനും എൻപിസിഐയുടെ upihelp.npci.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ നിലവിൽ സജീവമായിട്ടുള്ള എല്ലാ മാൻഡേറ്റുകളും കാണാനും ആവശ്യമില്ലാത്തവ താല്ക്കാലികമായി നിർത്തുകയോ പൂർണമായി റദ്ദാക്കുകയോ ചെയ്യാം.ഇതുകൂടാതെ ഭീം ആപ്പ് തുറന്ന് അതിലെ മാൻഡേറ്റ്സ് അല്ലെങ്കിൽ ഓട്ടോപേ സെക്ഷൻ വഴി ആവശ്യമില്ലാത്ത പേമെന്റ് റിക്വസ്റ്റുകൾ സെലക്ട് ചെയ്ത് യുപിഐ പിൻ നൽകിയും ഇത് റദ്ദാക്കാവുന്നതാണ്.ചെറിയ തുകകളാണെങ്കിലും മാസാവസാനം അക്കൗണ്ടിൽ വലിയ ചോർച്ച ഉണ്ടാക്കുന്ന ഇത്തരം ഡിജിറ്റൽ കെണികളെക്കുറിച്ച് ഉപയോക്താക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
എസ്. ആർ. സുധീർ കുമാർ
