പരവൂർ: ജൻ വിശ്വാസ് ഭേദഗതി നിയമപ്രകാരം പരിഷ്കരിച്ച റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരുവനന്തപുരം ഡിവിഷനിൽ പരിശോധന ശക്തമാക്കി.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി ഇതുവരെ 1,315 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമലംഘകരിൽ നിന്നായി 7.04 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആർപിഎഫ് അധികൃതർ അറിയിച്ചു.
ഡിവിഷന് കീഴിലെ നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് പരിശോധന നടന്നത്. യാത്രക്കാരുടെ സുരക്ഷ, അച്ചടക്കം, മികച്ച യാത്രാനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ.
യാത്രക്കാരെ ശിക്ഷിക്കുകയല്ല, മറിച്ച് റെയിൽവേ നിയമങ്ങൾ സ്വമേധയാ പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ റെയിൽവേ സംവിധാനം ഒരുക്കുകയുമാണ് ഈ പരിശോധനകളുടെ ലക്ഷ്യമെന്ന് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് വ്യക്തമാക്കി.
പുതിയ ഭേദഗതികൾ വഴി ചെറിയ നിയമലംഘനങ്ങളിൽ വേഗത്തിലുള്ള നടപടികൾ സാധ്യമാകും. 2023-ലെ ജൻ വിശ്വാസ് നിയമപ്രകാരം കേന്ദ്ര സർക്കാർ റെയിൽവേ ആക്ടിലെ നിരവധി ചെറിയ കുറ്റകൃത്യങ്ങളെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കി സിവിൽ പിഴകളാക്കി മാറ്റിയിട്ടുണ്ട്. ഇത് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കും.
