ഒരു രാജ്യത്തിന്റെ മുഴുവൻ അധ്വാനമാണ് റഫറി ഇവിടെ ഇല്ലാതാക്കിയത്. അർജെന്റീന- ഈജിപ്ത് മത്സരത്തിനുശേഷം ഈജിപ്തിന്റെ മുഖ്യപരിശീലകൻ ഹുസാം ഹസൻ പറഞ്ഞ വാക്കുകളാണിത്. ഈ ലോക കപ്പും അർജന്റീനയിലേക്കുതന്നെ വീണ്ടുമെത്തുന്നതിന് വഴി ഒരുക്കുന്നത് ആശങ്കയോടെയാണ് ഓരോ കാൽപ്പന്ത് ആരാധകനും നോക്കിക്കാണുന്നത്.
അറ്റ്ലാന്റയിലെ സ്റ്റേഡിത്തിൽ നടന്ന മത്സരത്തിൽ 78 മിനിറ്റ് വരെ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ മത്സരത്തിലുടനീളം റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർ എടുത്ത തീരുമാനങ്ങളാണ് ഈജിപ്തിനെ ചൊടിപ്പിച്ചത്.
ഈജിപ്ത് 1-0 ന് മുന്നിൽ നിൽക്കുമ്പോൾ മുസ്തഫ സിക്കോ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടി. എന്നാൽ കളി ആരംഭിച്ച് അധികം വൈകാതെ ലിസാൻഡ്രോ മാർട്ടീനസിനെതിരെ ഫൗൾ നടന്നു എന്ന് കാണിച്ച് വാർ ഇടപെട്ട് ആ ഗോൾ റദ്ദാക്കി.
എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ മൂന്നാം വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം ഹംദി ഫത്ഹിയുടെ ജേഴ്സി അർജന്റീനൻ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ പിന്നിൽനിന്ന് വലിച്ചു പിടിച്ചിരുന്നു. ഇത് വ്യക്തമായ പെനാൽറ്റിയോ ഫൗളോ ആയിരുന്നിട്ടും റഫറിയോ വാറോ അത് പരിശോധിക്കാൻ പോലും തയാറായില്ല.
ബോക്സിനുള്ളിൽ വെച്ച് മുഹമ്മദ് സലാഹിനെ ജൂലിയൻ അൽവാരസ് ചവിട്ടി വീഴ്ത്തിയിട്ടും കളി തുടരാൻ റഫറി അനുവദിക്കുകയായിരുന്നു. കൗണ്ടർ അറ്റാക്കിലൂടെ അർജന്റീനയ്ക്ക് അനുകൂലമായി ആ നീക്കം മാറുകയും ചെയ്തു. ഇത്രയുമൊക്കെ കാട്ടിയാൽപ്പിന്നെ വിമർശിക്കാതിരിക്കുന്നത് എങ്ങനെയാണല്ലേ?
എന്നാൽ ഈ ആരോപണ ശരങ്ങൾ ഒരിക്കലും മെസിക്കെതിരെയോ അർജന്റീന ടീമിനെതിരെയോ അല്ല. മറിച്ച് ഒരു മാഫിയ തലവനെ പോലെ എല്ലാം പിന്നിൽ നിന്നു നയിക്കുന്ന ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോയ്ക്കെതിരെയാണ്. അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ എടുക്കുന്നത് ഇൻഫാന്റിനോയുടെ സ്വാധീനം കൊണ്ടാണെന്നാണ് ആരാധകരും മുൻ താരങ്ങളുമടക്കം ആരോപിക്കുന്നത്.
അദ്ദേഹത്തിനു ലോക ചാമ്പ്യന്മാരെ ഈ ടൂർണമെന്റിൽ നിലനിർത്തണമായിരിക്കാം. അതിന്റുള്ള തെളിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹംതന്നെ തുറന്നു കാട്ടിയിട്ടുണ്ട്. കളിക്കളത്തിൽ അർജന്റീന ഒന്നു പിന്നിലേക്കു പോകുമ്പോൾ ഇൻഫാന്റിനോയ്ക്കുണ്ടാകുന്ന അസ്വസ്തതകൾ പല വീഡിയോകളിലും ചിത്രങ്ങളിലൂടെയുമൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നത് നമ്മൾ കണ്ടതാണ്.
നിസാരമൊരു ഫോട്ടോയുടെ പേരിൽ ഒരാളെ വിലയിരുത്തുന്നതും ശരിയല്ല, അഴിമതിയോ മത്സരത്തിൽ കാണിക്കുന്ന കൃത്രിമത്വമോ സംബന്ധിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ലങ്കിലും മറ്റു രാജ്യങ്ങൾ നിലവിൽ ആശങ്കയിലാണ്.
കൂടാതെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന നിർണായക മത്സരത്തിലെ പ്രധാന ഓൺ-ഫീൽഡ് റഫറിമാരുടെ പേരുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മെയിൻ റഫറി: ഫകുണ്ടോ ടെല്ലോ… അസിസ്റ്റന്റ് റഫറിമാർ: ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ… ഫോർത്ത് ഒഫീഷ്യൽ: ഡാരിയോ ഹെരേര…. ഇവർക്കെല്ലാവർക്കും ഒരു പ്രത്യേകതയുണ്ട്. എല്ലാവരും അർജന്റീനയിൽ നിന്നുള്ളവരാണ്. അങ്ങനെയെങ്കിൽ ഒരേ രാജ്യത്ത് നിന്നുള്ള അഞ്ച് ഓൺ-ഫീൽഡ് ഒഫീഷ്യലുകളും പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരമായിരിക്കും ബോസ്റ്റണിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ.
