കല്‍പ്പറ്റ: കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നപേർക്കായി തിരച്ചിൽ തുടരുന്നു.
രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്.
വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടതില്‍ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. മണ്ണ് അടിഞ്ഞുകൂടിയ പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തെരച്ചില്‍.
കള്ളാടി പുഴയുടെ തീരങ്ങളിലും തെരച്ചില്‍ തുടരുകയാണ്. രണ്ട് സോണുകളില്‍ ബുധനാഴ്ച തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
