തിരുവനന്തപുരം: പിഎസ് സി ക്രമക്കേട് പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കും. വിവാദമായ പിഎസ് സി പരീക്ഷകളുടെ വിവരങ്ങളടങ്ങിയ ഫയലുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും.
ഫയലുകള്‍ ലഭ്യമാക്കാന്‍ പിഎസ്സിക്ക് നോട്ടീസ് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിഎസ് സിയിലെ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിനാണ് മേല്‍നോട്ടചുമതല നല്‍കിയിരിക്കുന്നത്. പിഎസ് സി ക്രമക്കേടില്‍ ഉന്നതതല അന്വേഷണം വേണമെന്ന് നേരത്തെ മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
പിഎസ് സി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: പിഎസ് സി പരീക്ഷകളിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പിഎസ് സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പിഎസ് സി ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9.45 -ഓടെയായിരുന്നു പ്രതിഷേധം.
എസ് സി ചെയര്‍മാന്റെ വാഹനം ഗേറ്റ് കടന്ന് ഓഫീസിലേക്ക് കടക്കവെയാണ് അദ്ദേഹത്തെ തടയാന്‍ ശ്രമിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഓഫീസ് കോംമ്പൗണ്ടിലേക്ക് ഓടിക്കയറിയത്. സുരക്ഷാജീവനക്കാര്‍ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, ജില്ലാ പ്രസിഡന്റ് നേമം ഷജീർ എന്നിവരുടെ നേതൃത്തിലുള്ള അന്‍പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ചത്.
പരീക്ഷാക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ചെയര്‍മാനെ പുറത്താക്കണമെന്നും ചെയര്മാന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാധാരണ പിഎസ്സി ആസ്ഥാനത്തിനകത്തു കയറി പ്രതിഷേധിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം ചെറുക്കാന്‍ സുരക്ഷാജീവനക്കാര്‍ക്ക് സാധിച്ചില്ല.
പിഎസ്സി നടത്തിയ ആസൂത്രണ ബോര്‍ഡിലെ പ്രധാന തസ്തികയിലേക്കു നടന്ന പരീക്ഷ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
