തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, ഉത്തര കടലാസിലെ മൂല്യനിർണയ തിരിമറി, വാചാ പരീക്ഷകളിലെ കള്ളക്കളി , നിയമനങ്ങളിലെ അഴിമതി എന്നിവയെ ആസ്പദമാക്കി പല ഘട്ടങ്ങളിലായി ഉയർന്ന ആരോപണങ്ങൾ പൂർണമായും അന്വേഷണ വിധേയമാക്കണം.
ആസൂത്രണ ബോർഡ് ചീഫ് നിയമനങ്ങളിലെ റാങ്ക് ലിസ്റ്റ് പിഎസ്സി തന്നെ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയുടെ കുറ്റസമ്മതമാണ്. പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനങ്ങളിൽ യോഗ്യത മാനദണ്ഡം തന്നെ മാറ്റുകയാണുണ്ടായത്. കെ എഎസ് നിയമനങ്ങളിൽ മാർക്ക് തട്ടിപ്പ് നടന്നതായി നിരവധി ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ പരാതി നൽകിയിരുന്നു.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ സമ്പൂർണമായി രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. അംഗങ്ങളുടെ നിയമനത്തിന് ചില രാഷ്ട്രീയ നേതാക്കൾ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുണ്ട്. എൽ.ഡി.എഫിലെ ചില ഘടകകക്ഷികൾ തങ്ങൾക്ക് ക്വോട്ടയായി ലഭിച്ച പി.എസ്.സി അംഗത്വം വിറ്റതായി പാർട്ടി നേതാക്കൾ തന്നെ പറഞ്ഞിരുന്നു. രാഷ്ട്രീയ കച്ചവട ഉപാധിയായ പി.എസ്.സിയുടെ വിശ്വാസ്യത പൂർണമായും തകർന്നിരിക്കുകയാണ്.
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന നാലു ലക്ഷത്തിൽപ്പരം രൂപയുടെ അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കണം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരേക്കാൾ മുന്തിയ ശമ്പളവും പെൻഷനുമാണ് ഇവർ പറ്റുന്നത്. പിഎസ് സി അംഗങ്ങളുടെ എണ്ണം ആവശ്യത്തിലധികമണെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
