മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കാർ യാത്രക്കാരായ നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു മലയാളികളും ഒരു യുപി സ്വദേശിയും ഒരു ഹൈദരാബാദ് സ്വദേശിയുമാണ് മരിച്ചത്. കണ്ണൂർ അഴീക്കോട് സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ്വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, യുപി സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11. 30 നായിരുന്നു അപകടം.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇവർ കണ്ണൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നു അപകടം. യുപി രജിസ്ട്രേഷനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തകർന്ന കാറിനുള്ളിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരം അറിഞ്ഞു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലായി എത്തിച്ചത്.ഒരാൾ അപകടസ്ഥലത്തു തന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിയതോ മറ്റു എന്തെങ്കിലും സംഭവിച്ചതാണോയെന്ന് ഉൾപ്പെടെ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി ശേഷം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
