നാദാപുരം: ആയഞ്ചേരിയിൽ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 5000രൂപ പിഴയും ശിക്ഷ വിധിച്ചു. കടമേരി പുത്തൂച്ചാലിൽ റിജു രാജ് (26) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2024 ഒക്ടോബർ 14ന് ആയഞ്ചേരിയിലാണ് സംഭവം. ബസിറങ്ങി റോഡിലൂടെ അരൂർ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന കോളജ് വിദ്യാർഥിനിയുടെ പുറകെ നടന്ന് ശല്യം ചെയ്യുകയും പിടിച്ചു വച്ച് ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത്, എഎസ്ഐ കെ.ജി. രജനി എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 15രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
