കൊച്ചി: നടന് ടിനി ടോം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്. അമ്മ’ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലും വെച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. ‘ജിഹാദി’ എന്നും ‘മതതീവ്രവാദി’ എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
