കഠിനമായ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ പല വഴികളും നോക്കാറുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള ഭീതിയിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം മൂക്കത്ത് വിരൽ വെക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിനുള്ളിൽ കയറി തറയിൽ കിടന്നുറങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഭീതിയിലെ ജീവൻ റാം ഇന്റർ കോളേജിന് എതിർവശത്തുള്ള എടിഎമ്മിലാണ് സംഭവം. കടുത്ത ഉഷ്ണത്തിൽ നിന്നും രക്ഷപ്പെടാൻ എടിഎമ്മിനകത്തെ എയർ കണ്ടീഷണർ നൽകുന്ന തണുപ്പ് ഉപയോഗപ്പെടുത്തുകയായിരുന്നു യുവാവ്. തറയിൽ വളരെ സുഖമായി കിടന്നുറങ്ങുന്ന ഇയാൾ എടിഎമ്മിനെ ഒരു താത്ക്കാലിക കിടപ്പുമുറിയാക്കി മാറ്റുകയായിരുന്നു.
പണം പിൻവലിക്കാൻ എത്തിയ ഉപഭോക്താക്കൾ അകത്ത് അപരിചിതനായ ഒരാൾ കിടന്നുറങ്ങുന്നത് കണ്ട് പരിഭ്രാന്തരാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തു. തുടർന്ന് അവിടെയെത്തിയ ഒരു ഉപഭോക്താവാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കിടന്നുറങ്ങുന്നയാൾ ആരാണെന്നോ എത്ര നേരമായി അവിടെയുണ്ടെന്നോ വ്യക്തമല്ല. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ബാങ്ക് അധികൃതർക്കെതിരെ ഉയരുന്നത്. എടിഎമ്മിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതാണ് ഇത്തരമൊരു സംഭവത്തിന് വഴിവെച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എടിഎം മെഷീനുകൾ ഉൾപ്പെടെ തകർത്ത് പണം കവരുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ സുരക്ഷാ വീഴ്ച വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എടിഎം കൗണ്ടറുകളിൽ കൃത്യമായ നിരീക്ഷണവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
