കോട്ടയം: ഇത്തവണ ഓണമുണ്ണണമെങ്കില്‍ പോക്കറ്റ് കാലിയാകും. ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കു വില കുതിച്ചുയരുകയാണ്. അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ്.
മാറിയ കാലാവസ്ഥയും ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതുമാണു വിലവര്‍ധനയ്ക്കു കാരണമായിരിക്കുന്നത്. സമീപകാലത്ത് മൈസൂരു, ഹൊസൂര്‍ മാര്ക്കറ്റുകളെയാണു പച്ചക്കറികള്‍ക്കു കേരളത്തിലെ വ്യാപാരികള്‍ അധികമായി ആശ്രയിക്കുന്നത്.
എല്ലാത്തരം അരിക്കും ആറു മുതല്‍ എട്ടു രൂപ വരെയാണു വര്‍ധിച്ചിരിക്കുന്നത്. തിരുവോണത്തിന് സദ്യ വിളമ്പാന്‍ ഒരുക്കങ്ങള്‍ കൂട്ടുന്നതിനു മുമ്പുതന്നെ അരിവില വര്‍ധിച്ചത് വലിയ ആശങ്കയായി.
കുറുവ അരിക്ക് 48 രൂപയും ജയയ്ക്ക് 50 രൂപയുമാണു വില. സുരേഖയ്ക്ക് 55 രൂപയും വടി അരിക്ക് 64 രൂപയും ഉണ്ട അരിക്ക് 50 രൂപയുമാണ് ഏറ്റവും പുതിയ വില. ഇതര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം മറ്റുസംസ്ഥാനങ്ങളിലെ നെല്വിലയിലുണ്ടായ വര്‍ധനയാണ് അരിവില കൂടാന്‍ പ്രധാന കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
പ്രതിസന്ധി തുടരുന്നതിനാല്‍ ഓണക്കാലത്ത് അരിവില വീണ്ടും വര്‍ധിച്ചേക്കും. ഓണക്കാലത്ത് ഏറ്റവും ആവശ്യക്കാരുള്ള പച്ചത്തേങ്ങയ്ക്കു വില കിലോഗ്രാമിന് 70 രൂപ വരെയായി. ഓണമാകുമ്പോള്‍ തേങ്ങയുടെ വില ഇനിയും കൂടിയേക്കും. വെളിച്ചെണ്ണയുടെ വില ഒരു മാസം മുമ്പു താഴ്ന്നെങ്കിലും വീണ്ടും തിരിച്ചുകയറി തുടങ്ങിയിട്ടുണ്ട്.
ഏത്തക്കായയ്ക്കും എണ്ണയ്ക്കും വില ഉയര്‍ന്നത് ഉപ്പേരി ഇനങ്ങളുടെ വില കുതിക്കാന്‍ കാരണമായി. വെളിച്ചെണ്ണയില്‍ വറുത്ത ഉപ്പേരി കിലോഗ്രാമിന് 580 രൂപയാണ്. ശര്‍ക്കര വരട്ടി 600 രൂപ നല്‍കണം. ഓണമടുക്കുന്നതോടെ ഉപ്പേരി വില ഉയര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഓണക്കാലത്ത് പച്ചക്കറികള്‍ക്ക് വില കൂടുന്നത് പതിവാണെങ്കിലും ഇത്തവണ വിലക്കയറ്റം പിടിവിട്ട അവസ്ഥയിലാണ്. രണ്ടാഴ്ച മുന്‍പ് കിലോഗ്രാമിന് 40 രൂപയായിരുന്ന കാരറ്റിന് ഇപ്പോള്‍ 80 രൂപയാണ്. 70 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 200 മുതല്‍ 250 രൂപ വരെയാണ് വില. രണ്ടാഴ്ചക്കിടെ 50 രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. വെളുത്തുള്ളിക്ക് 200 രൂപയ്ക്കു മുകളിലാണു ചില്ലറ വില്‍ക്കുന്നത്.
നല്ലയിനം ചെറിയ ഉള്ളിക്ക് 90 മുതല്‍ 110 രൂപ വരെ ഈടാക്കുമ്പോള്‍ രണ്ടാംതരത്തിന് 60 രൂപയാണു വില. ബീന്‍സിനും അമരയ്ക്കും 80 മുതല്‍ 100 രൂപ വരെയായി. വിപണിയില്‍ ഇപ്പോള്‍ ആവശ്യക്കാരേറെയുള്ള പച്ചപ്പയറിന് 70 രൂപയാണ്. മുരിങ്ങയ്ക്കും തക്കാളിക്കും മാത്രമാണ് ഒരാശ്വാസം. മുരിങ്ങങ്ങയ്ക്ക് 40 മുതല്‍ 80 രൂപ വരെ നല്‍കണം. തക്കാളി വില 60ല്‍നിന്ന് 40ഉം പിന്നീട് ഇരുപതുമായി കുറഞ്ഞു. ബീറ്റ്റൂട്ടിന് 65 മുതല്‍ 80 രൂപ വരെയും കാബേജിന് 60 രൂപയും കോളിഫ്ലവറിന് 35 മുതല്‍ 50 വരെയുമാണ് കടകളില്‍.
രണ്ട് മാസത്തിനിടെ പഞ്ചസാര വിലയില്‍ കിലോഗ്രാമിനു നാല് മുതല്‍ ഏഴു രൂപയുടെ വരെയാണ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടുമാസം മുമ്പ് ചില്ലറ വിപണിയില്‍ 44 രൂപയായിരുന്ന പഞ്ചസാര വില നിലവില്‍ 49 മുതല്‍ 51 രൂപയിലേക്ക് ഉയര്‍ന്നു.
