ഹരിദ്വാറിലെ കൻവാർ മേളയിൽ സുഹൃത്തിനെ യാചകനായി വേഷംകെട്ടിച്ച് യൂട്യൂബർ നടത്തിയ പരീക്ഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തീർഥാടന കേന്ദ്രങ്ങളിൽ യാചനയിലൂടെ ഒരു ദിവസം എത്രത്തോളം പണം സമ്പാദിക്കാൻ കഴിയും എന്ന് കണ്ടെത്താനാണ് ‘പുരുഷോത്തം വസിഷ്ഠ്’ എന്ന യൂട്യൂബറും സുഹൃത്ത് സച്ചിനും ചേർന്ന് ഈ സോഷ്യൽ പരീക്ഷണം നടത്തിയത്.
കീറിയ വസ്ത്രങ്ങളും മുഖത്ത് അഴുക്കും പുരട്ടി സച്ചിൻ ഒരു യാചകനായി മാറി. കഴുത്തിൽ ഡിജിറ്റൽ പണം സ്വീകരിക്കുന്നതിനായി യുപിഐ ക്യുആർ കോഡും ധരിച്ചാണ് സച്ചിൻ മേളയിലേക്ക് ഇറങ്ങിയത്. ആയിരമോ രണ്ടായിരമോ രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണം ആരംഭിച്ചതെങ്കിലും, ദിവസാവസാനം ആകെ ലഭിച്ചത് 4,000 രൂപയോളമാണ്. ഡിജിറ്റൽ പേയ്മെന്റുകളിലൂടെയും പണം ലഭിച്ചു.
ഒരു ദിവസം 4,000 രൂപ ലഭിക്കുകയാണെങ്കിൽ പ്രതിമാസം 1.2 ലക്ഷം രൂപ വരെ ഈ രീതിയിൽ സമ്പാദിക്കാൻ കഴിയുമെന്ന് ഇരുവരും കണക്കുകൂട്ടി വ്യക്തമാക്കുന്നു. വരുമാനം വലുതാണെങ്കിലും യാചനം മാനസികമായും ശാരീരികമായും വളരെ പ്രയാസകരമാണെന്ന് സച്ചിൻ പറയുന്നു. ആളുകളോട് നിരന്തരം പണം ചോദിക്കുന്നതും മണിക്കൂറുകളോളം നടക്കുന്നതും കഠിനമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കാതെ, സത്യസന്ധമായ ജോലികളിലൂടെ അധ്വാനിച്ചു ജീവിക്കണമെന്ന് യൂട്യൂബർമാർ പ്രേക്ഷകരോട് അഭ്യർഥിച്ചു.
മേളകളിൽ യാചനം ഒരു സംഘടിത ബിസിനസായി മാറുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുന്നതാണ് ഈ സോഷ്യൽ പരീക്ഷണം. എന്നാൽ, യഥാർത്ഥ യാചകർ അനുഭവിച്ചറിയുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും ഒരു ദിവസത്തെ പരീക്ഷണം കൊണ്ട് അളക്കാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
