എയർ കൂളറിൽ വെള്ളമൊഴിക്കുന്നതിനിടെ ഉള്ളിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ബലിച ഗ്രാമത്തിലാണ് സംഭവം.
കൂളറിൽ വെള്ളം നിറയ്ക്കുന്നതിനിടെ ഉള്ളിൽ എന്തോ അലസമായി അനങ്ങുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് കൂളറിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന വൻ മൂർഖൻ പാമ്പിനെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ‘വൈൽഡ് അനിമൽ ആൻഡ് നേച്ചർ റെസ്ക്യൂ സൊസൈറ്റി’യെ വിവരമറിയിച്ചു.
തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ വന്യജീവി സംരക്ഷണ സേനാംഗങ്ങൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൂളറിന്റെ കവർ തുറന്നാണ് പാമ്പിനെ പുറത്തെടുത്തത്. കവർ മാറ്റി പാമ്പിനെ കണ്ടതോടെ ചുറ്റും നിന്നവർ ഭീതിയിലായി.
ഏറെ പരിശ്രമത്തിനൊടുവിൽ മൂർഖനെ പരിക്കേൽപ്പിക്കാതെ പുറത്തെടുത്തു. പിന്നീട് രാത്രിയോടെ സമീപത്തെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. വീട്ടുകാരുടെ ജാഗ്രത കാരണം വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
