തിരുവനന്തപുരം: ഭാര്യയോട് അയൽവാസി സംസാരിച്ചത് ഇഷ്ടമാകാതെ അയൽവാസിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഭർത്താവിനെ നാട്ടുകാർ സാഹസികമായി കീഴ്പ്പെടുത്തി പൊലിസിലേൽപ്പിച്ചു. വെട്ടുകാട് സ്വദേശിയായ ജോസ് അലോഷ്യസാണ് അയൽവാസിയായ ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി വെട്ടുകാട് പള്ളിക്ക് സമീപമുള്ള കടൽത്തീരത്തായിരുന്നു സംഭവം.
ഗോഡ്ഫ്രിയും ജോസിന്റെ ഭാര്യയും തമ്മിൽ സംസാരിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടൽത്തീരത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിക്ക് നേരെ ജോസ് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. അപകടം മനസിലാക്കി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഗോഡ്ഫ്രിയെ പിന്തുടർന്നാണ് ജോസ് വെട്ടാൻ ശ്രമിച്ചത്. അക്രമം തടയാൻ ഇടപെട്ട സ്വന്തം ഭാര്യയെയും ഇയാൾ ആക്രമിച്ചു.
സംഭവസ്ഥലത്തെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ, അക്രമിയെ തടയാനായി കൈയിൽ കിട്ടിയ മണൽ ഇയാളുടെ മുഖത്തേക്ക് വാരിയെറിയുകയായിരുന്നു. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ ജോസിനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയും പൊലിസിന് കൈമാറുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലിസ് ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
