ഉപഭോക്താവിന്റെ പേരിന് പകരം ശാരീരിക രൂപത്തെ കളിയാക്കുന്ന രീതിയിൽ ബില്ലിൽ വിശേഷണം നൽകിയ സംഭവത്തിൽ ‘സബ്കോ’കഫേക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളൂരു കോരമംഗലയിലെ സബ്കോ കഫേ ശാഖ സന്ദർശിച്ച യുവാവാണ് തനിക്ക് നേരിട്ട ദുരനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.
ഭക്ഷണം കഴിച്ച് ബില്ല് അടച്ച ശേഷം പരിശോധിച്ചപ്പോഴാണ് ഉപഭോക്താവിന്റെ പേര് രേഖപ്പെടുത്തേണ്ട സ്ഥലത്ത് “ലിറ്റിൽ ഫാറ്റ് ബ്ലാക്ക് ഷർട്ട്” എന്ന് എഴുതിയിരിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് യുവാവ് കുറിച്ചു. ഉപഭോക്താക്കളെ തിരിച്ചറിയാൻ പേരോ ടേബിൾ നമ്പറോ ഉപയോഗിക്കാമെന്നിരിക്കെ, ഇത്തരം വംശീയ-ശരീര അധിക്ഷേപങ്ങൾ തമാശയായി തള്ളിക്കളയാനാവില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ വിശദീകരണവുമായി സബ്കോ കോഫി റോസ്റ്റേഴ്സ് രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയ കമ്പനി, ഇത്തരം നിലപാടുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി. “ഫാറ്റ് ഷെയ്മിംഗ് തെറ്റാണ്; എല്ലാ കാലത്തും, എല്ലാ രീതിയിലും. അതിൽ വിട്ടുവീഴ്ചയില്ല,” എന്ന് കുറിച്ച കമ്പനി, പരാതി പരിഹരിക്കുന്നതിനായി നിർമിച്ചിട്ടുള്ള ഇന്റേണൽ കംപ്ലൈന്റ്സ് കമ്മീഷനെ ബന്ധപ്പെടാൻ യുവാവിനോട് അഭ്യർഥിക്കുകയും ചെയ്തു.
കഫേയുടെ പരസ്യമായ ക്ഷമാപണത്തെ ചിലർ സ്വാഗതം ചെയ്തപ്പോൾ, ജീവനക്കാരുടെ ഇത്തരം മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടു.
