സൈനിക പരേഡ് കഴിഞ്ഞ് സഹപ്രവർത്തകർ കുടുംബത്തോടൊപ്പം വിജയാഘോഷം പങ്കിടുമ്പോൾ കൂടെയാരുമില്ലാതെ ഒറ്റയ്ക്ക് ആർമി കേഡറ്റ് ഗ്രൗണ്ടിൽ നില്ക്കുന്നത് കണ്ട് അദേഹത്തെ ചേർത്തണച്ച് കമാൻഡർ. ഇന്തോനേഷ്യൻ സൈന്യത്തിന്റെ ട്രെയിനിങ് പൂർത്തിയാക്കിയ കേഡറ്റിന്റെ വികാരനിർഭരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്തോനേഷ്യൻ കരസേനയുടെ ‘ഫസ്റ്റ് TNI AD’ ട്രെയിനിങ് ഗ്രാജുവേഷൻ ചടങ്ങിനിടയിലാണ് സംഭവം. പരിശീലനം പൂർത്തിയാക്കിയ സൈനികരെ കാണാനും അഭിനന്ദിക്കാനും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോൾ, കൂടെ ആരുമില്ലാതെ കേഡറ്റ് ഒറ്റയ്ക്ക് മാറിനിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന സൈനിക കമാൻഡർ പിന്നിലൂടെയെത്തി യുവാവിനെ ആലിംഗനം ചെയ്യുകയായിരുന്നു.
പ്രതീക്ഷിക്കാതെ കമാൻഡറുടെ സ്നേഹപ്രകടനം കണ്ടതോടെ കേഡറ്റ് വിതുമ്പിക്കരഞ്ഞു. അപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കമാൻഡർ തയാറായി. എഡി കാർത്തോണോ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
കുടുംബത്തെ പിരിഞ്ഞിരിക്കുന്ന കേഡറ്റിന് പിതാവിന്റെ സ്ഥാനത്തുനിന്ന് ആശ്വാസം നൽകിയ കമാൻഡറുടെ നടപടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മാതാപിതാക്കളുടെ സാന്നിധ്യം അനുഭവപ്പെടുത്തിയ നിമിഷമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
