ലോകത്തിലെ നിലവിലുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബ്രിട്ടീഷ് വനിത ഏഥിൽ കാറ്റെർറം തനിക്ക് 117 വയസ്സ് തികഞ്ഞതിന്റെ സന്തോഷം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിച്ചു. ഇംഗ്ലണ്ടിലെ സൂറിയിലെ ഹാൽമാർക്ക് ലേക്ക്വ്യൂ കെയർ ഹോമിലാണ് ഏഥിൽ ഇപ്പോൾ താമസിക്കുന്നത്.
116-ാം വയസ്സിൽ അന്തരിച്ച ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കനാബറോ ലൂക്കാസിന്റെ വിയോഗത്തോടെ 2025 ഏപ്രിലിലാണ് ഏഥിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടംപിടിക്കുന്നത്. ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പും, അതായത് 1909 ഓഗസ്റ്റ് 21നാണ് ഏഥിൽ ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ ഇവർ ഇംഗ്ലണ്ടിലെ എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജനിച്ചവരിൽ നിലവിൽ ജീവിച്ചിരിപ്പുള്ള ഒരേയൊരു വ്യക്തിയുമാണ്.
തന്റെ 18-ാം വയസ്സിൽ (1927ൽ) ഇന്ത്യയിലെത്തിയ ഏഥിൽ അവിടെയൊരു സൈനിക കുടുംബത്തിൽ നാനിയായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്റ്റനന്റ് കേണലായ നോർമനുമായി വിവാഹിതയായ ഇവർ ഹോങ്കോംഗിലും കുറച്ചുകാലം ജീവിക്കുകയും അവിടെയൊരു നഴ്സറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1976ൽ ഭർത്താവ് മരണപ്പെട്ടു. ഇവരുടെ രണ്ട് പെൺമക്കളും ഇതിനകം അന്തരിച്ചു. മൂന്ന് പേരക്കുട്ടികളും അഞ്ച് കൊച്ചുമക്കളുമുണ്ട്.
2020-ൽ 110-ാം വയസ്സിൽ കോവിഡ് ബാധിച്ചെങ്കിലും രോഗത്തെ അതിജീവിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് നേരിട്ടെത്തി ഇവരെ സന്ദർശിച്ചിരുന്നു. ആളുകളുമായി തർക്കത്തിനില്ലാതെ ജീവിച്ചതാണ് തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് ഏഥൽ പറയുന്നത്.
അതേസമയം, മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ആയുസ് 1997ൽ 122 വയസും 164 ദിവസവും തെകഞ്ഞ് അന്തരിച്ച ഫ്രഞ്ച് വനിത ഷാങ് കാൽമന്റിഡിന്റെ പേരിലാണ് ഉള്ളത്.
