ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഓണം ആഘോഷിച്ചതിന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നിൽ കുടുംബാംഗങ്ങളോടൊപ്പം ഇരിക്കുന്ന ചിത്രമാണ് സച്ചിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ചിത്രത്തോടൊപ്പം രസകരമായ ഒരു കുറിപ്പും സച്ചിൻ പങ്കുവെച്ചു. “ഭക്ഷണവും കുടുംബവും ഞങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗവും തന്ന സന്തോഷത്തിലായതിനാൽ ആശംസകൾ നേരാൻ അല്പം വൈകിപ്പോയി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ” എന്നായിരുന്നു സച്ചിന്റെ പോസ്റ്റ്.
കൂടാതെ, ഡൈനിംഗ് ടേബിളിന് അടിയിൽ ഒളിച്ചിരുന്ന തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ബൗൺസറെ’ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ ആരാധകരോട് രസകരമായി ആവശ്യപ്പെടുകയായിരുന്നു സച്ചിൻ. ബൗൺസറെ കൃത്യമായി കണ്ടെത്തുന്നവർക്ക് ഒരു കഷ്ണം മധുരം അധികമായി നൽകുമെന്നായിരുന്നു സച്ചിന്റെ തമാശ രൂപേണയുള്ള വാഗ്ദാനം.
സച്ചിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു. മേശയ്ക്കടിയിൽ സദ്യയുടെ മണം പിടിച്ച് ഒളിച്ചിരിക്കുന്ന ബൗൺസറുടെ സാന്നിധ്യം ആരാധകർക്ക് ഏറെ രസകരമായ അനുഭവമായി മാറി. പോസ്റ്റിന് താഴെനിരവധി പേർ സച്ചിനും കുടുംബത്തിനും ഓണാശംസകൾ അറിയിക്കുകയും ബൗൺസറുടെ ചിത്രം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
