കൊല്ലം: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്ങുളം എൽഎംഎസ്എൽപി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്ങുളത്ത്വച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.
പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്തു.
പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
