മാലിന്യങ്ങൾ നിറഞ്ഞ് നശിച്ച അജ്നാർ പുഴ ശുചീകരിക്കാൻ ഭരണകൂടത്തിന്റെ സഹായത്തിനായി കാത്തുനിൽക്കാതെ സ്വന്തം നിലയിൽ ഇറങ്ങിത്തിരിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് മധ്യപ്രദേശിലെ ഇരുപതുകാരൻ. സുരേന്ദ്ര സിംഗ് ചൗധരി എന്ന യുവാവാണ് സ്വന്തം ചെലവിൽ പണവും സമയവും വിനിയോഗിച്ച് പുഴ പുനരുജ്ജീവിപ്പിച്ചത്.
ഓൺലൈനിൽ ‘ബിട്ടു തബാഹി’ എന്നറിയപ്പെടുന്ന സുരേന്ദ്ര, പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും പുഴയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒറ്റയ്ക്ക് നീക്കം ചെയ്യുകയായിരുന്നു. യാതൊരുവിധ ഔദ്യോഗിക പ്രചാരണങ്ങളുടെയോ ഭരണകൂടത്തിന്റെ ഭാഗമല്ല ഈ ശ്രമം. ശുചീകരണത്തിന് ആവശ്യമായ സാധനങ്ങൾ സ്വന്തം പണം ഉപയോഗിച്ചാണ് ഇയാൾ വാങ്ങുന്നത്.
ഇൻസ്റ്റാഗ്രാമിൽ സുരേന്ദ്ര പങ്കുവെച്ച പുഴയുടെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. ഒറ്റയാൾ പോരാട്ടം കൊണ്ട് പരിസ്ഥിതിയിൽ ഉണ്ടാക്കാൻ കഴിയുന്ന വലിയ മാറ്റത്തിന് തെളിവാണ് ഈ ചിത്രങ്ങൾ.
അതിശയകരമായ ഈ പ്രവർത്തിക്ക് വലിയ പ്രശംസ ലഭിക്കുമ്പോഴും, നഗരസഭയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമില്ലായ്മക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ചെയ്യേണ്ട ഒരു ജോലി ഒറ്റയ്ക്ക് ഒരു ഇരുപതുകാരൻ ചെയ്യേണ്ടി വരുന്നത് നഗരസഭയ്ക്ക് നാണക്കേടാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.
സുരേന്ദ്ര സിംഗ് ചൗധരിയുടെ ഈ മഹത്തായ സേവനത്തെ വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖർ മുൻപ് പ്രശംസിച്ചിരുന്നു. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 2,96,000-ത്തിലധികം ഫോളോവേഴ്സാണ് ഈ യുവാവിനുള്ളത്. അധികാരികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്തം ഒരു യുവാവ് ഏറ്റെടുത്തത് സംവിധാനങ്ങളുടെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
