കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ പൂര്‍ത്തിയായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ലുവച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗാലറിയുടെ പെയിന്റിംഗ്, സ്റ്റേഡിയത്തില്‍ താത്കാലികമായുള്ള ലൈറ്റുകൾ സ്ഥാപിക്കൽ, ഡ്രസിംഗ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗിനു വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രവൃത്തികൾ വരും ദിവസങ്ങളില്‍ ആരംഭിക്കും.
25ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ തുടങ്ങുക. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിംഗ് നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.26 അംഗ ടീമില്‍ ആറ് വിദേശതാരങ്ങളും എട്ട് കണ്ണൂര്‍ താരങ്ങളുമാണുള്ളത്.
