ആ​ലു​വ ക​വ​ർ​ച്ചാ ശ്ര​മം: വ​ഴി​യാ​ത്ര​ക്കാ​ര​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക് എ​റി​ഞ്ഞു​വീ​ഴ്ത്തി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തു: പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു, പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലി​സ്

കൊച്ചി: ആലുവയില്‍ വഴിയാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറല്‍ എസ്പി കെ. സുദര്‍ശന്‍. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും എസ്പി പറഞ്ഞു.

പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അവിടെ ഇരുട്ടുള്ള വിജനമായ സ്ഥലമാണ്. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അഡീഷണല്‍ ഫോഴ്‌സും കാര്യങ്ങളും ഒക്കെ കൊടുക്കുന്നുണ്ട്. ശക്തമായിട്ടുള്ള പൊലിസ് നടപടികള്‍ സ്വീകരിക്കുമെന്നും ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി.

കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ശനിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ജോഫിനെ ക്രൂരമായി ഉപദ്രവിച്ച ശേഷം മൂന്നര പവന്‍ സ്വര്‍ണവും പണവും അക്രമിസംഘം കവര്‍ന്നു. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.

ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാര്‍ഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഐസിയുവിലാക്കി.

മുമ്പും സമാന സംഭവങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്‍വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര്‍ തുടര്‍ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.

Related posts

Leave a Comment