ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. തെലുങ്കിന് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ നടന് സൂര്യയും സംവിധായകന് എസ്.എസ്. രാജമൗലിയും അടക്കമുള്ളവരെത്തിയിരുന്നു.
ഈ പരിപാടിയില്‍ നിന്നുള്ള ഫഹദിന്റെ വിഡിയോ വൈറലാവുകയാണ്. തന്റെ ഭാര്യയായ നടി നസ്രിയെക്കുറിച്ച് ഫഹദ് നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. താന്‍ വിവാഹം കഴിച്ചത് ഒരു കുട്ടിയെയാണെന്നാണ് ഫഹദ് പറയുന്നത്. കുട്ടികളുമായി ഇടപെടുന്നതില്‍ തനിക്കുള്ള കഴിവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ടോണ്ട് ട്രബിള്‍ ദ ട്രബിളില്‍ ഫഹദിനൊപ്പം ബാലതാരം സാറ പലേക്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
”ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് എനിക്കുള്ള കഴിവും ക്ഷമയും ഗംഭീരമാണെന്ന് പറയുന്നവരോട് എന്റെ വീട്ടില്‍ ഒരാളുണ്ടെന്ന് ഞാന്‍ പറയും. പിന്നെ ഞാന്‍ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെ കണ്ടുമുട്ടി. ഞാന്‍ ഡയലോഗ് തെറ്റിക്കുമ്പോള്‍ ഇവള് എന്നെ തിരുത്തി. ഇത് ഇങ്ങനെയാണെന്ന് പറയും. എന്റെ ഡയലോഗും ഇവള് കാണാതെ പഠിച്ചിരുന്നു. ഇത്രയും ക്ഷമയുള്ളൊരു സഹതാരം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇന്ന് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ഇവളാണ്” എന്നാണ് ഫഹദ് പറയുന്നത്.
താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായി പറഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആണെന്നും ഫഹദ് പങ്കുവച്ചു. ആദ്യമായി വിജയ് സാറിനെ കാണുന്നത് ‘കാതലുക്ക് മര്യാദെ’ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അച്ഛന്റെ (ഫാസിൽ) സിനിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. അന്ന് എനിക്ക് 12-13 വയസുണ്ടാകും.
അന്നാണ് വിജയ് സാർ എന്നോട് ഒരു നടനാകുമെന്നു പറഞ്ഞത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇക്കാര്യം പറയുന്നത്. അന്ന് അധികമൊന്നും സംസാരിച്ചില്ല. എന്നാൽ സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചായിരുന്നുവെന്നും ഫഹദ് പറയുന്നു. വിജയ്യും ഫഹദും സിനിമയിൽ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ വിജയ്യും ഫഹദും ഒരുമിച്ച് വേഷമിട്ടിരുന്നു.
അതേസമയം ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൗരഭ് സച്ച്ദേവയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജമൗലിയാണ് സിനിമയുടെ വിതരണം. ഫാന്റസി ചിത്രമായാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം, ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയയും ഫഹദ് ഫാസിലും. 2014 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് വിവാഹം. ഇരുവര്‍ക്കുമിടയിലെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹശേഷം ഒരിടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വന്നു. എല്‍ ക്ലാസിക്കോയാണ് നസ്രിയയുടെ പുതിയ ചിത്രം.
